Loading ...

Home Business

ചെസ്റ്റുകള്‍ നിറഞ്ഞുകിടക്കുന്നു, കറന്‍സി ക്ഷാമമുണ്ടാകില്ലെന്ന് എസ്.ബി.ഐ.

മുംബൈ: ലോക്‌ ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കറന്‍സിക്ഷാമത്തിന് ഒരുസാധ്യതയുമില്ലെന്ന് രാജ്യത്തെ ഏറ്റവുംവലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. വ്യക്തമാക്കി. എസ്.ബി.ഐ.യുടെ എല്ലാ കറന്‍സി ചെസ്റ്റുകളും നിറച്ചിട്ടുണ്ട്. ബാങ്കിന്റെ രാജ്യത്തുള്ള 58,000 എ.ടി.എമ്മുകളും പ്രവര്‍ത്തനസജ്ജമാണ്. എല്ലാത്തിലും കൃത്യമായി പണം നിറയ്ക്കുന്നുണ്ട്. 62,000 ബിസിനസ് കറന്‍സ്‌പോണ്ടന്റുമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ടെന്ന് എസ്.ബി.ഐ. ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ കെ.വി. ഹരിദാസ് 'മാതൃഭൂമി'യോടു പറഞ്ഞു. ഈ സാഹചര്യത്തില്‍ നോട്ടുക്ഷാമത്തിന്റെ സാധ്യത നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ കറന്‍സിക്ഷാമത്തിനു സാധ്യതയുണ്ടെന്ന സാമൂഹികമാധ്യമങ്ങളിലൂടെയുള്ള സന്ദേശത്തിന് അടിസ്ഥാനമില്ലെന്ന് എസ്.ബി.ഐ.യുടെ കേരള വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ എം.എല്‍.ദാസും അറിയിച്ചു. കറന്‍സി ചെസ്റ്റുകള്‍ നിറഞ്ഞാണുള്ളത്. ബാങ്ക് ശാഖകളെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്. കൊറോണ വൈറസ് ബാധ കൂടുതലുള്ള കാസര്‍കോട് ജില്ലയില്‍ എസ്.ബി.ഐ.യുടെ സി.പി.സി.ആര്‍.ഐ. ശാഖ അധികൃതരുടെ നിര്‍ദേശപ്രകാരം അടച്ചിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച വ്യക്തി ഈ ശാഖയില്‍ വന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണിതെന്നും അദ്ദേഹം വ്യക്തമാക്കി. എ.ടി.എമ്മുകള്‍ എല്ലാം പ്രവര്‍ത്തനസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 22.50 ലക്ഷം കോടി രൂപയുടെ കറന്‍സിനോട്ടുകള്‍ വിനിമയത്തിലുണ്ടെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഇന്ത്യ സെക്യൂരിറ്റി പ്രസും സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ലോക്‌ ഡൗണിന്റെ ഭാഗമായി മാര്‍ച്ച്‌ 31 വരെ അടച്ചിട്ടുണ്ട്. നിലവിലുള്ള പ്രിന്റിങ് ഓര്‍ഡറിന്റെ 99 ശതമാനവും പൂര്‍ത്തിയായശേഷമാണ് ഇത് അടച്ചത്. അതുകൊണ്ടുതന്നെ കറന്‍സിവിനിമയത്തെ അടച്ചിടല്‍ ബാധിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിന്റെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായി പരമാവധി ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ ആര്‍.ബി.ഐ. ശുപാര്‍ശചെയ്യുന്നുണ്ട്. പലകൈകള്‍ മറിഞ്ഞുപോകുന്ന നോട്ടുകളിലൂടെ വൈറസ് പകരുന്നതിനുള്ള വിദൂരസാധ്യത ഒഴിവാക്കുന്നതിനാണിത്. യു.പി.ഐ., നെഫ്റ്റ്, ആര്‍.ടി.ജി.എസ്. പോലുള്ള സംവിധാനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണെന്നും പരമാവധി ഈമാര്‍ഗങ്ങള്‍ ഇടപാടിനായി ഉപയോഗിക്കാനുമാണ് ആര്‍.ബി.ഐ. നിര്‍ദേശിക്കുന്നത്.

Related News