Loading ...

Home sports

സഞ്ജു മൂന്നാമൂഴത്തിൽ ഇന്ത്യൻ താരമായി

സഞ്ജു സാംസൺ സിംബാബ്‌വെയിലെ ഹരാരെയിൽ മുരളി വിജയിൽനിന്ന് ഇന്ത്യൻ ക്യാപ് ഏറ്റുവാങ്ങുമ്പോൾ ലക്ഷക്കണക്കിനു കായികപ്രേമികളുടെ ഒരുകൊല്ലത്തോളം നീണ്ട മോഹമാണു സാക്ഷാത്കരിക്കപ്പെട്ടത്. മികച്ച താരത്തിനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ പുരസ്കാരം സഞ്ജുവിനു സമ്മാനിക്കുന്ന ദിവസംകൂടിയായിരുന്നു ഇന്നലെ. സഞ്ജു ഹരാരെയിൽ ഇന്ത്യയ്ക്കു കളിക്കുമ്പോൾ കൊല്ലത്തു പുരസ്കാരദാനച്ചടങ്ങു നടക്കുകയായിരുന്നു. അച്ഛൻ സാംസൺ വിശ്വനാഥ് ആണ് സഞ്ജുവിനുവേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. ഉച്ചയ്ക്കു രണ്ടരയോടെയാണ് അച്ഛൻ സാംസണെ ഫോണിലൂടെ സഞ്ജു ആ വാർത്ത അറിയിച്ചത്.വിഴിഞ്ഞത്തിനടുത്ത് വെങ്ങാനൂർ – പള്ളിച്ചൽ റോഡിലെ ലിജീസ് ഹട്ട് എന്ന സഞ്ജുവിന്റെ വീട്ടിൽ ആഘോഷങ്ങളോ ആരവങ്ങളോ ഉണ്ടായില്ല, നേട്ടങ്ങളിൽ അമിതമായി ആഹ്ലാദിക്കുകയോ വീഴ്ചകളിൽ അമിതമായി ദുഃഖിക്കുകയോ ചെയ്യുന്ന ശീലം ഈ വീട്ടിലെ ആർക്കുമില്ല. സഞ്ജു ഐപിഎല്ലിലെ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചപ്പോഴും ഇത്തവണ അപ്രതീക്ഷിതമായി സിംബാബ്‌വെ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോഴും ആഹ്ലാദം ചെറുപുഞ്ചിരികളിൽ ഒതുക്കിയതേയുള്ളൂ. ടിവി ചാനലുകാർ എത്തിയപ്പോൾ അമ്മ ലിജി പറഞ്ഞു: ‘‘ഒന്നും തോന്നരുത്. ചാനലിലൊന്നും വരാൻ താൽപര്യമില്ല. .’’

ഈ അരങ്ങേറ്റത്തിൽ അഭിമാനം പങ്കിടുന്ന മറ്റൊരാൾ സഞ്ജുവിന്റെ പരിശീലകൻ ബിജു ജോർജ് ആണ്.സഞ്ജു സാംസണ് ഇന്ത്യൻ ടീമംഗമായി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റത്തിന് അവസരം ലഭിക്കുന്നതു മൂന്നാമൂഴത്തിലാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലും പിന്നീടു വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ട്വന്റി20 ടീമിലും സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിൽ കളത്തിലിറങ്ങാനായില്ല. വെസ്റ്റ് ഇൻഡീസിനെതിരായ മൽസരം അവരുടെ ആഭ്യന്തരപ്രശ്നങ്ങളെത്തുടർന്ന് ഉപേക്ഷിക്കപ്പെടുകയും ചെയ്തു. സഞ്ജുവിന്റെ കാത്തിരിപ്പ് നീണ്ടു.

Related News