Loading ...

Home Kerala

അതിര്‍ത്തി കടന്ന് പച്ചക്കറികളെത്തും, വണ്ടികള്‍ അണുവിമുക്തമാക്കും, കേരള-തമിഴ്നാട് ധാരണ

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യ സാധന ക്ഷാമം പരിഹരിക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. പച്ചക്കറി അടക്കം അവശ്യസാധനങ്ങള്‍ മുടക്കം കൂടാതെ കേരളത്തിലേക്ക് എത്തിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരുമായി കേരളം ധാരണയിലെത്തി. കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ തമിഴ്‌നാട് അടച്ചിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ചരക്ക് നീക്കം സുഗമമാക്കാനുള്ള ധാരണയിലേക്ക് കേരളവും തമിഴ്നാടും എത്തുന്നത്. പച്ചക്കറി അടക്കം അവശ്യസാധനങ്ങള്‍ ശേഖരിക്കാന്‍ തമിഴ്‌നാട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ അതിര്‍ത്തിയില്‍ അണുവിമുക്തമാക്കും. കേരളത്തിലേക്ക് തിരിച്ചെത്തുന്ന വാഹനങ്ങളും ഇതുപോലെ തന്നെ ചെയ്യും.മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഇരുസംസ്ഥാനങ്ങളിലെയും ഡെപ്യൂട്ടി സെക്രട്ടറിമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് എന്നിവരാണ് ചര്‍ച്ച നടത്തിയത്. കേരളത്തില്‍ നിന്ന് അതിര്‍ത്തി കടക്കുന്ന അവശ്യ സേവനങ്ങള്‍ക്കുളള വാഹനങ്ങള്‍ പരിശോധിക്കാന്‍ തഹസില്‍ദാര്‍, ജനപ്രതിനിധികള്‍, എന്നിവരടങ്ങുന്ന സംഘത്തെ 7 ചെക്ക് പോസ്റ്റുകളിലും വിന്യസിക്കും. നേരത്തെ തമിഴ്‌നാട് അതിര്‍ത്തി അടച്ചിട്ടതിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ള പച്ചക്കറി വരവ് മൂന്നിലൊന്നായി കുറഞ്ഞിരുന്നു. വിലക്കയറ്റത്തിനും അവശ്യസാധന ക്ഷാമത്തിനും സാധ്യത മുന്നില്‍ കണ്ടാണ് അന്തര്‍സംസ്ഥാന ചര്‍ച്ച അതിവേഗത്തില്‍ നടന്നത്.

Related News