Loading ...

Home youth

'ഇഞ്ചോടിഞ്ച് പോരാടുന്നവരോട് പുലര്‍ത്തേണ്ടത് പരിഹാസമല്ല രക്തസാഹോദര്യമാണ്, സര്‍'

  • ശ്രീനിവാസനോട് ജെയ്‌ക് സി തോമസ്

"പാര്‍ട്ടിക്കുവേണ്ടി മരിക്കുന്നവരെ രക്തസാക്ഷി എന്നു പറയുന്നത് തെമ്മാടിത്തര'മാണെന്ന നടന്‍ ശ്രീനിവാസന്റെ അഭിപ്രായത്തോട് എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്‌ക് സി തോമസ് പ്രതികരിക്കുന്നു. ജെയ്‌കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ:

ശ്രീനിവാസന്‍ അറിയാന്‍

ചരിത്രമറിയില്ലെങ്കില്‍ അത് പഠിക്കുക തന്നെ വേണം. ഇരകള്‍ക്കും വേട്ടക്കാര്‍ക്കും ഒരു നീതിയെന്നാല്‍ നിങ്ങള്‍ വേട്ടക്കാരോടൊപ്പം സ്ഥാനമുറപ്പിക്കക തന്നെയാണ്.

ശ്രീനിവാസനെന്ന ബഹുമുഖ പ്രതിഭയോട് കലാകാരനെന്ന നിലയില്‍ ആദരവും സ്നേഹവുമുണ്ട്. എന്നാല്‍ "പാര്‍ട്ടിക്കു വേണ്ടി മരിക്കുന്നവരെ രക്തസാക്ഷി എന്നു പറയുന്നത് തെമ്മാടിത്തരമാണ് '' എന്ന് നിങ്ങള്‍ ചരിത്രബോധമില്ലാതെ വിളിച്ചു പറയുമ്പോള്‍ അതേ നാണയത്തില്‍ "നിങ്ങള്‍ പറയുന്നതാണ് തെമ്മാടിത്തരം'' എന്നു തിരികെ വിളിച്ചു പറയാനുള്ള അവകാശം നമ്മുടെ ജനാധിപത്യത്തിലുണ്ടെങ്കിലും തല്‍ക്കാലം അതിവിടെ ഉപയോഗിക്കുന്നില്ല.

ഭഗത് സിങ്ങിനെയാണ് ലേഖനത്തില്‍ അദ്ദേഹം മാതൃകാരക്തസാക്ഷിയായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഭഗത് സിങ്ങും കൂട്ടാളികളും ബ്രിട്ടീഷ് പാര്‍ലമെന്റിനു നേരെ "ബധിരകര്‍ണങ്ങള്‍ കേള്‍ക്കുവാന്‍ ഉഗ്രസ്ഫോടനങ്ങള്‍ ഉണ്ടാവണം'' എന്നു വിളിച്ചു പറഞ്ഞതും ബോംബെറിഞ്ഞതുമൊക്കെ സ്വാതന്ത്യ്ര സമരത്തിന്റെ അസംഖ്യം വരുന്ന സമരോത്സുകത മുറ്റി നില്‍ക്കുന്ന അധ്യായങ്ങളാണ്. എന്നാല്‍ അതിനെയൊക്കെ "സമാധാനപ്രിയ'' മുദ്രാവാക്യം വിളിക്കുന്നവര്‍ ഒരു പക്ഷേ വിളിക്കുക അക്രമ സമരമെന്നോ സ്വാതന്ത്യ്ര ഭീകരതയെന്നോ ആവാം വിശേഷിപ്പിക്കുക.
"ഇപ്പോഴത്തെ രക്തസാക്ഷികളാരും ഈ സമൂഹത്തിനു വേണ്ടി ജീവാര്‍പ്പണം ചെയ്തവരല്ല നേതാക്കളുടെയും പാര്‍ട്ടിയുടെയും അധീശത്വത്തിനു വേണ്ടി മാത്രം മരണപ്പെട്ടവരാണ്'' എന്നാണ് കലശലായ സമാധാനസ്നേഹവും നിഷ്പക്ഷതയും നിറഞ്ഞ് ശ്രീനിവാസന്‍ വിളിച്ചു പറയുന്നത്. അതു കൊണ്ട് തന്നെ പറയപ്പെട്ട, ശ്രീനിവാസന്‍ നിങ്ങള്‍ ചരിത്രം പഠിച്ചില്ലെങ്കിലും അതിനെ അപമാനിക്കാന്‍ ഇറങ്ങിത്തിരിക്കുന്നത് അര്‍ഹിക്കും വിധം സഹതാപത്തോടുകൂടി തന്നെയാണ് കാണുന്നത്. സ്വന്തം വീടിന് കിലോമീറ്ററുകള്‍ മാത്രമകലെയുള്ള സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാക്കമ്മറ്റി ഓഫീസായ അഴീക്കോടന്‍ സ്മരാക മന്ദിരം വരെ വന്നാല്‍ മാത്രം ഒലിച്ചു പോയേക്കാവുന്ന കുറേ അബദ്ധ ധാരണകള്‍ മാത്രമാണ് അങ്ങയുടെ കുറിപ്പില്‍. ആ മന്ദിരത്തിന്റെ ചുവരില്‍ വെളുത്ത അക്ഷരങ്ങളിലാരംഭിക്കുന്ന ആദ്യ പേരുകള്‍ മഠത്തില്‍ അപ്പുവും പളളിക്കല്‍ അബൂബക്കറും, കൊയ്ത്താറ്റില്‍ ചിരുകണ്ടനും, പെടോര കുഞ്ഞമ്പുനായരുമടങ്ങുന്ന കയ്യൂര്‍ രക്തസാക്ഷികളുടേതാണ്. ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ ജ്വലിക്കുന്ന അധ്യായങ്ങളിലൊന്ന്. ജന്മിമാര്‍ക്കും നാട്ടുരാജാക്കന്മാര്‍ക്കുമെതിരെ, പട്ടിണിയില്‍ മരണം വരിക്കേണ്ടി വരുന്നത് സാധാരണമായിരുന്ന ഒരു സാമൂഹ്യ വ്യവസ്ഥയോട് കലഹം തീര്‍ത്ത് കഴുമരത്തിലേറേണ്ടി വന്നവര്‍. സമയം തീരെ ലഭിക്കാന്‍ സാധ്യത ഇല്ലായെങ്കില്‍ കൂടിയും "മീന മാസത്തിലെ സൂര്യന്‍'' എന്ന വിശ്രുതമായ മലയാള ചലച്ചിത്രം ഒന്നു കൂടി കണ്ടിരുന്നെങ്കിലെന്ന് ആശിക്കുകയാണ്. ഈ നാടിനു വേണ്ടി ജീവിച്ച് മരിക്കാന്‍ പോകുന്നവര്‍. അതില്‍ അബൂബക്കര്‍, തന്നെ അവസാനം കാണാനെത്തിയ ഉമ്മയോട് പറയുന്നത് " ഈ നാടിനായി ജീവിതം മാറ്റി വയ്ക്കാന്‍ പഠിപ്പിച്ചതും പോരാടാന്‍ കരുത്ത് നല്‍കതിയതു പാര്‍ട്ടിയാണ്. പാര്‍ട്ടിക്കു വേണ്ടി അനിയെനെയും വളര്‍ത്തണം'' എന്നാണ്.

"ഒന്നുമില്ലാത്തവരും'' അതു കൊണ്ട് തന്നെ "ഒന്നുമല്ലാത്തവരുമായി'' മാറിയ ഒരു ജനത സ്വയം തിരിച്ചറിയുമ്പോഴാണ് അവര്‍ സ്വന്തം രക്തം കണ്ടെത്താനും സംഘം ചേരാനും ആരംഭിക്കുന്നത്. അതോടെയാണ് പറയപ്പെടാതെ പോയ അവരുടെ വാക്കുകള്‍ ഭൂഗര്‍ഭത്തില്‍ നിന്ന ഒരു ഉറവ പോലെ കുതിച്ചൊഴുകാന്‍ തുടങ്ങുന്നത്. എല്ലാ അധികാര കന്ദ്രങ്ങളോടും പ്രതികരിക്കുവാനും നീതിക്കായി ഒന്നു ജ്വലിക്കുവാനും ജനങ്ങള്‍ക്ക് സ്വന്തമായുള്ളത് അവരുടെ സംഘടനകള്‍ മാത്രമാണെന്ന രാഷ്ട്രീയ പാഠം മുമ്പ് എന്നത്തേക്കാളും ശക്തമായി ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അതു കൊണ്ട് തന്നെ പാര്‍ട്ടി എന്നു കേള്‍ക്കുമ്പോഴുള്ള അരിശം സ്വന്തം നാടായ പാട്യത്തിന്റെ പ്രാദേശിക ചരിത്രമെങ്കിലുമൊന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍ മാഞ്ഞു പോയേനെ. പാട്യത്തിന്റെ പാഠവരമ്പുകളിലൂടെ കമ്യൂണിസ്റ്റുകാര്‍, നിങ്ങള്‍ പറഞ്ഞ ആ പാര്‍ട്ടിക്കാര്‍ തന്നെ, സമരം ചെയ്തും രക്തസാക്ഷിത്വം വരിച്ചും, അതിനു ശേഷം വന്ന കമ്യൂണിസ്റ്റ് മന്ത്രി സഭ നടപ്പിലാക്കിയ ഭൂപരിഷ്ക്കരണത്തില്‍ സ്വന്തമായി ഭൂമി ലഭിച്ചവര്‍ നടന്നു വന്നപ്പോള്‍ ഭൂമി വിട്ടു കോടുക്കേണ്ടി വന്ന ജന്മി അരിശം സഹിക്ക വയ്യാതെ തിരികെ പോയതും ഒന്നും വെറും കഥയായിരുന്നില്ലല്ലോ. അപ്പോള്‍ "കുറേക്കാലം ഞങ്ങള്‍ വഴി മാറി നടന്നതല്ലേ ഇനിയിപ്പോ നിങ്ങള്‍ക്കുമാവാം'' എന്നു ജന്മിയോട് തിരിച്ച് വിളിച്ചു പറയാനുള്ള കരുത്തും ശേഷിയും ആ നാടിന്റെ പോരാട്ടഗാഥകളില്‍ ത്രസിപ്പിക്കുമാറ് തിളക്കത്തോടെ ഇന്നും നിലനില്‍ക്കുന്നു. അങ്ങനെ നടന്ന എത്രയോ അസംഖ്യം പോരാട്ടങ്ങളില്‍ നാടിന്റെ മുന്നേറ്റത്തിനും വിമോചനത്തിനുമായി നിറയോഴിക്കലുകള്‍ ഏറ്റുവാങ്ങിയവരാണ് രക്തസാക്ഷികള്‍.

നേതാക്കള്‍ കൊല്ലപ്പെടാത്തതിന്റെയും അവരുടെ കുടുബം അനാഥമാകാത്തതിലുമുള്ള വിലാപമാണ് പിന്നീട്. "അഴീക്കോടന്‍ സ്മാരക മന്ദിരം'' എന്ന പേര് രണ്ടാവര്‍ത്തി മനസ്സിരുത്തി വായിച്ചാല്‍ ഒരാളും പിന്നീട് ഇതു വിളിച്ചു പറയില്ല. കാരണം ആ അഴീക്കോടന്‍ രാഘവനും ഒരു രക്തസാക്ഷിയായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സംസ്ഥാന കണ്‍വീനറും സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു.

സിപിഐഎമ്മിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ യൂണിറ്റായ കണ്ണൂരില്‍ പ്രസ്ഥാനത്തെ നയിക്കുന്ന ജില്ലാ സെക്രട്ടറി പി ജയരാജനും വ്യവസായ മന്ത്രി ഇ പി ജയരാജനും ജീവിക്കുന്ന രക്തസാക്ഷികളാണ്. വര്‍ഗീയ വാദികളുടെ ആസുരതകള്‍ക്കെതിരെ തരിമ്പും പിന്‍മടക്കമില്ലാതെ പോരാടിയതു കൊണ്ടു മാത്രം. ആണ്ടുകള്‍ക്ക് പിന്നിലെ തിരുവോണ നാള്‍ സഖാവ് പി ജയരാജന്‍ മരണത്തെ അതിവീജിവച്ച ദിനം കൂടിയാണ്.

പഞ്ചായത്ത് പ്രസിഡന്റും നരഗസഭാ ചെയര്‍മാനും എംഎല്‍എയുമടങ്ങുന്ന നേതാക്കളും ഈ നാടിന്റെ ചരിത്രത്തില്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. മലബാറുകാരനായ നിങ്ങള്‍ക്ക് മലബാറുകാരായ അവരുടെ പേരുകള്‍ നിശ്ചയുമുണ്ടാവില്ല. കാരണം അവരൊക്കെയും കമ്യൂണിസ്റ്റുകാരായിരുന്നു. ഇന്ന് ധനരാജ് കൊല്ലപ്പെട്ട അതേ നാട്ടില്‍ രാമന്തളിയില്‍ ഒ.കെ കുഞ്ഞിക്കണ്ണനെന്ന പഞ്ചായത്ത് പ്രസിഡന്റിനെ വകവരുത്തിയത് മുസ്ളീം ലീഗായിരുന്നു. ഏറനാടിന്റെ ചെഗുവേര എന്നറിയപ്പെട്ടിരുന്ന നിലമ്പൂര്‍ എംഎല്‍എ ആയിരുന്ന കെ കുഞ്ഞാലി, കോണ്‍ഗ്രസ്സുകാര്‍ വെടി വച്ച് കൊലപ്പെടുത്തിയ നിയമസഭാ സാമാജികനായിരുന്നു. ഇന്നു സമാധാനത്തിന്റെ വെള്ളരിപ്രവ് ചമയുന്ന വിഎം സുധീരന്റെ ഒപ്പമിരിക്കുന്ന ആര്യാടന് മുഹമ്മദ് അതിലെ പ്രതിയുമായിരുന്നു. ചാവക്കാട് നരഗസാഭാ ചെയര്‍മാന്‍ കെപി വല്‍സനെ ലീഗുകാര്‍ അരും കൊല ചെയ്തപ്പോള്‍ അദ്ദേഹം കേരളത്തില്‍ ആദ്യമായി കൊല്ലപ്പെട്ട ചെയര്‍മാനായിരുന്നു. രക്തസാക്ഷിയായ നേതാവിന്റെ മകന്‍ നിരഞ്ജന്‍ ഇന്നു എസ്എഫഐ പ്രസ്ഥാനത്തിന്റെ മുഖമാണ്. മിടുക്കനായ പ്ളസ് ടു വിദ്യാര്‍ഥിയാണ്.

നിങ്ങളുടെ വീടിനു കിലോമീറ്ററുകള്‍ അകലെയല്ലാതെ മെരുവമ്പായി മുസ്ളീം പള്ളിക്കു മുമ്പില്‍ ഒരു യുകെ കുഞ്ഞിരാമന്‍ രക്തസാക്ഷിയായിട്ടുണ്ട്. പക്ഷേ നിങ്ങള്‍ പറയും പോല പാര്‍ട്ടിക്ക് അധീശത്വമുറപ്പിക്കാനായിരുന്നില്ല. ആര്‍എസ്എസ്സുകാര്‍ പള്ളി തകര്‍ത്ത് അര്‍ധരാത്രി കലാപമുണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ ചെറുത്ത് തോല്‍പിച്ചതായിരുന്നുവെന്ന് മാത്രം. വടക്കേ മലബാറിന്റെ കിരീടമായ തലശ്ശേരി ബ്രണ്ണനില്‍ ഒരു മുഹമ്മദ് അഷ്റഫ് രക്തസാക്ഷിയായിട്ടുണ്ട്. അധീശത്വമായിരുന്നില്ല പ്രശ്നം. തിരഞ്ഞെടുപ്പില്‍ കേരളത്തിലാദ്യമായി ഒരു കലാലയത്തില്‍ എസ്എഫ്ഐ ജയിച്ചപ്പോള്‍ ഏറ്റവും കൂടുതവല്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത് ആ അഷ്റഫ് ആയിരുന്നു. കളിക്കളത്തിലെ രാജകുമാരനായിരുന്ന ആ ഫുട്ബോള്‍ താരത്തെ അന്ന്, തോറ്റു പോയ കെഎസ് യു നേതാവ് കെ സുധാകരന്റെ നേതൃത്വത്തില്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

അതു കാണ്ട് പ്രിയപ്പെട്ട ശ്രീനിവാസന്‍ "നിഷ്പക്ഷ്ത എന്നൊരു പക്ഷം ഇല്ല എന്നു പറഞ്ഞ'' കമ്യൂണിസ്റ്റ് വിരോധി കൂടിയായിരുന്ന കുട്ടിക്കൃഷ്ണമാരാരെയെങ്കിലുമൊന്ന് ഓര്‍ക്കേണ്ടിയിരുന്നു നിങ്ങള്‍.

താരതമന്യേന സുരക്ഷിതരായി ജീവിക്കുന്നവര്‍ ജീവിതം കൊണ്ട് ഇഞ്ചോടിഞ്ച് പോരാടുന്നവരോട് പുലര്‍ത്തേണ്ടത് പരിഹാസമല്ല രക്തസാഹോദര്യമാണ്. അവസാനിപ്പിക്കുകയാണ് സാര്‍. ചരിത്രത്തെ ജ്വലിപ്പിച്ചവരുടെ ചരിത്രമെഴുത്തിന് അവസാനമില്ല എന്നതു കൊണ്ട് തന്നെ.

Related News