Loading ...

Home sports

കൊറോണ ഭീഷണി: ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് ഫൈനലുകള്‍ യുവേഫ മാറ്റി വച്ചു

പാരീസ്: കൊറോണവൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മേയ് മാസം നടക്കാനിരിക്കുന്ന യുവേഫ ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് ടൂര്‍ണമെന്റുകളുടെ ഫൈനല്‍ മാറ്റി വച്ചതായി യുവേഫ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്നും യുവേഫ വ്യക്തമാക്കി. വനിതകളുടെ ചാംപ്യന്‍സ് ലീഗ് കലാശക്കളിയും നീട്ടി വച്ചിട്ടുണ്ട്. ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് എന്നിവയിലെ നടക്കാനിരിക്കുന്ന മല്‍സരങ്ങള്‍ ഈ മാസമാദ്യം തന്നെ യുവേഫ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഫൈനലുകളും നീട്ടിയിരിക്കുന്നത്. മല്‍സരങ്ങളുടെ തിയ്യതികള്‍ പുനര്‍ നിശ്ചയിക്കുന്ന കാര്യത്തില്‍ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്നു യുവേഫ അറിയിച്ചു. യുവേഫ പ്രസിഡന്റ് അലെക്‌സാണ്ടര്‍ സെഫേറിനു കീഴിലുള്ള പ്രവര്‍ത്തക സമിതി കോണ്‍ഫറന്‍സ് കോള്‍ വഴി പിന്നീട് പുതുക്കിയ തിയ്യതിയെക്കുറിച്ച്‌ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തും. ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങള്‍ പുനര്‍ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഒരു പാനലിനെ ചുമതലപ്പെടുത്തിയിരുന്നു. ഫുട്‌ബോള്‍ കലണ്ടര്‍ പരിശോധിച്ച ശേഷമായിരിക്കും ഈ പാനല്‍ പുതിയ തിയ്യതികള്‍ തീരുമാനിക്കുക. അതിനു ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളൂവെന്നും യുവേഫ വിശദമാക്കി. പുരുഷന്‍മാരുടെ ചാംപ്യന്‍സ് ലീഗ് കലാശപ്പോരാട്ടം മേയ് 30ന് തുര്‍ക്കിയിലെ ഇസ്താംബുള്‍ സ്‌റ്റേഡിയത്തില്‍ നടത്താനായിരുന്നു യുവേഫ നേരത്തേ തീരുമാനിച്ചിരുന്നത്. ഇതിനു മൂന്നു ദിവസങ്ങള്‍ക്കു മുമ്ബ് പോളണ്ടിലെ ഗ്നാസ്‌കിലായിരുന്നു യൂറോപ്പ ലീഗ് ഫൈനല്‍. എന്നാല്‍ മേയ് 24ന് ഓസ്ട്രിയയിലെ വിയന്നയാണ് വനിതകളുടെ ചാംപ്യന്‍സ് ലീഗ് ഫൈനലിനു വേദിയാവേണ്ടിയിരുന്നത്. മാര്‍ച്ച്‌ 17, 18 തിയ്യതികളില്‍ നടക്കേണ്ടിയിരുന്ന പുരുഷന്മാരുടെ ചാംപ്യന്‍സ് ലീഗിലെ നാലു രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സസരങ്ങള്‍ നേരത്തേ മാറ്റി വച്ചിരുന്നു. അത്‌ലറ്റികോ മാഡ്രിഡ്, പിഎസ്ജി, അറ്റ്‌ലാന്റ്, ലെയ്പ്ഷിഗ് ടീമുകളാണ് ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലേക്കു മുന്നേറിയത്.

Related News