Loading ...

Home National

അടച്ചുപൂട്ടല്‍ കര്‍ശനമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം; ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയാന്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ജനതാ കര്‍ഫ്യൂവിനുപിന്നാലെ, കൊറോണ വൈറസ് വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടാനും മെട്രോ, സബര്‍ബന്‍ ഉള്‍പ്പെടെ മുഴുവന്‍ യാത്രാതീവണ്ടികളും ഈ മാസം 31 വരെ നിര്‍ത്തിവെക്കാനും തീരുമാനിച്ചു. അന്തഃസംസ്ഥാന ബസ് സര്‍വീസുകളും നിര്‍ത്തി വെച്ചിരുന്നു. ജാര്‍ഖണ്ഡ്, ബിഹാര്‍, ജമ്മുകശ്മീര്‍, ആന്ധ്ര പ്രദേശ്, തെലങ്കാന, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ 31 വരെ അടച്ചു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയുമുണ്ടായി. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍, കേന്ദ്ര കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുടെ ഉന്നതതല യോഗത്തിലാണ് കൊറോണ സ്ഥിരീകരിച്ച 75 ജില്ലകള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചത്. കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമോ എന്നത് അതത് സംസ്ഥാനങ്ങള്‍ തീരുമാനിക്കാമെന്നുമായിരുന്നു നിര്‍ദേശം. പതിനൊന്ന് ജില്ലകളില്‍ കൊറോണ സ്ഥിരീകരിച്ചതോടെ കേരളവും കടുത്ത നിയന്ത്രണത്തിലേക്ക് കടക്കാനിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്ര നിര്‍ദേശം കാസര്‍കോട് ജില്ലയില്‍ ഏറക്കുറെ നടപ്പാക്കിയിട്ടുണ്ട്. ഇനിയുള്ള നിയന്ത്രണം സംബന്ധിച്ച്‌ ഇന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ഉന്നതതല യോഗം തീരുമാനമെടുക്കും. കാസര്‍കോട്ടും കോഴിക്കോട്ടും കളക്ടര്‍മാര്‍ ക്രിമിനല്‍ പ്രൊസീജ്വര്‍ നിയമത്തിലെ 144 സെക്ഷന്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.

Related News