Loading ...

Home Europe

തൃപ്തിയില്‍ ജീവിക്കുക : സണ്ണിസ്റ്റീഫന്‍

ലണ്ടന്‍: വേള്‍ഡ് പീസ്‌ മിഷന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ഫാമിലി സെമിനാറില്‍ ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൌണ്‍സിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫന്‍, ജീവിതത്തിനാവശ്യമായ ആത്മീയ ഉണര്‍വ്വും തലമുറകള്‍ അനുഗ്രഹീതമാകാനുള്ള അറിവും ആത്മാഭിഷേകത്തിന്‍റെ നിറവും നല്‍കുന്ന ആഴമേറിയ വചനസന്ദേശം നല്‍കി.

“ഭൂമിയിലുള്ള ജീവിതം അത്ര കഠിനമൊന്നുമല്ല. അതിനു ഒരാള്‍ സരളമായും ബോധപൂര്‍വ്വവും ജീവിക്കാന്‍ പരിശീലിച്ചാല്‍ മതി. എന്തൊരു തൃപ്തിയിലും നിറവിലുമാണ് പക്ഷികള്‍ അവയുടെ അന്നം ഭക്ഷിക്കുന്നത്. ഒരു കിളിയും വിരുന്നുണ്ട് പറന്നുപോകുമ്പോള്‍ മരത്തോട് പരാതി പറഞ്ഞിട്ടില്ല. എന്നാല്‍ മനുഷ്യര്‍ മാത്രം എങ്ങനെയാണിത്രയും അസംതൃപ്തരാകുന്നത്? സത്രങ്ങള്‍ പോലും വാതിലുകള്‍ അടച്ചപ്പോള്‍ പുല്‍ക്കൂട്ടില്‍ ജനിച്ചു, മാതാപിതാക്കള്‍ക്ക് വിധേയപ്പെട്ട്‌ ജീവിച്ചു, ആവശ്യത്തിലധികം പോരായ്മകള്‍ ഉണ്ടായിട്ടും ശിഷ്യന്മാരെയോര്‍ത്ത് യേശു ദൈവത്തെ സ്തുതിച്ചു, ജീവിതത്തിന്‍റെ പരിമിതസാഹചര്യങ്ങളില്‍ പോലും അഗാധമായ സ്വസ്ഥത അനുഭവിച്ചു. ഉലയുന്ന വഞ്ചിയുടെ അമരത്തുകിടന്ന്‍ ഏതു പ്രതികൂലസാഹചര്യത്തെയും അനുകൂലമാക്കാന്‍ പഠിപ്പിച്ചു. ഏറ്റവും ചെറിയ വിശപ്പുകളില്‍ പോലും കല്ലുകളെ അപ്പമാക്കിമാറ്റി തങ്ങളുടെ ജീവിത നിയോഗത്തില്‍ നിന്ന്‍ മാറിപ്പോകരുതെന്നു അവന്‍ പഠിപ്പിച്ചു. അവസാനം കുരിശിലൂടെ കടന്നുപോകേണ്ടിവന്നപ്പോള്‍ ഉച്ചരിച്ചത് ഭൂമിയിലേക്ക് ഏറ്റവും തൃപ്തമായ വചനം, എല്ലാം പൂര്‍ത്തിയായി. തര്‍ക്കമില്ലാത്ത വിധത്തില്‍ ഇത്രയും ലളിതമായി ജീവിച്ച മറ്റൊരാള്‍ ഭൂമിയില്‍ ഉണ്ടാവില്ല. അവനെ നോക്കി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും അവനില്‍ വിശ്വസിക്കുന്നവര്‍ക്കും ഈ കൃപയുടെ ബോധ്യമുണ്ടാകണം. ശാരീരികമായും മാനസികമായും വൈകാരികമായും ബൌദ്ധീകമായും അവന്‍ നല്‍കുന്ന എല്ലാ ആഹാരവും സ്വീകരിച്ച് തൃപ്തിയില്‍ ജീവിച്ച് സംതൃപ്തിയുള്ള ജീവിതം പൂര്‍ത്തിയാക്കിയാണ് ജീവിതത്തിന്‍റെ ഓട്ടം പൂര്‍ത്തിയാക്കേണ്ടത്. ഈ സുബോധം വീണ്ടെടുത്ത് ആന്തരികജീവിതം ഇത്തിരികൂടി പ്രകാശപൂര്‍ണമാക്കി എല്ലാവരോടും എല്ലാത്തിനോടും കൃതജ്ഞതാഭരിതമായിനില്‍ക്കാനുള്ള ഒരു മനസ്സ് നമുക്കുണ്ടാവട്ടെ” യെന്നും സണ്ണിസ്റ്റീഫന്‍ തന്‍റെ വചനശുശ്രൂഷയില്‍ ഉദ്ബോധിപ്പിച്ചു.


കമ്മ്യുണിറ്റി ലീഡര്‍ ഡോ. റോയ് എബ്രഹാം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്. കെ ജെ ജോണ്‍  

Related News