Loading ...

Home National

രാജ്യത്ത് 80 നഗരങ്ങള്‍ ലോക്ക് ഡൗണിലേയ്ക്ക്; കൊവിഡ് ബാധിതരുടെ എണ്ണം 400 കവിഞ്ഞു, മഹാരാഷ്ട്രയില്‍ 89

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 400 കവിഞ്ഞു. വൈറസ് ബാധയുടെ വ്യാപനം തടയുക എന്ന മുന്‍കരുതലിന്റെ ഭാഗമായി ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു അടക്കം 80 നഗരങ്ങള്‍ പൂര്‍ണ്ണമായും അടച്ചു കഴിഞ്ഞു.31 വരെ പല പ്രധാന നഗരങ്ങളും അടച്ചിടാനാണ് സംസ്ഥാനങ്ങളുടെ തീരുമാനം. മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, കര്‍ണാടക, തെലങ്കാന, രാജസ്ഥാന്‍, ആന്ധ്ര പ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ജമ്മു കശ്മീര്‍, ലഡാക്ക്, പശ്ചിമ ബംഗാള്‍, ചണ്ഡീഗഢ്, ചത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ്, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് ഇതുവരെ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്നലെ മാത്രം രാജ്യത്ത് 68 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ ഇന്നലെ 15 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 14 പേര്‍ മുംബൈയിലാണ്. രണ്ട് മരണവും ഇതിനോടകം ഈ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. രാജ്യത്ത് നിലവില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഏഴായി.മഹാരാഷ്ട്ര, ബീഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്,ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പല സംസ്ഥാനങ്ങളും 144 പ്രഖ്യാപിച്ചു. നിരോധനാജ്ഞ പ്രകാരം അഞ്ചിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല. മാര്‍ക്കറ്റുകളും സിനിമാ തിയേറ്ററുകളും സ്‌കൂളും കോളേജുകളുമെല്ലാം മിക്ക സംസ്ഥാനങ്ങളിലും അടച്ചിട്ടു.

Related News