Loading ...

Home Business

കഴിഞ്ഞയാഴ്ച നിക്ഷേപകരില്‍നിന്നുപോയത് 13 ലക്ഷംകോടി

2008ലെ തകര്‍ച്ചയ്ക്കുശേഷം വിപണികണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കഴിഞ്ഞയാഴ്ച സംഭവിച്ചത്. സൂചികകളില്‍ 12 ശതമാനത്തിലേറെ നഷ്ടമാണുണ്ടായത്. മാര്‍ച്ച്‌ 20ന് അവസാനിച്ചയാഴ്ച ബിഎസ്‌ഇ സ്‌മോള്‍ ക്യാപ് സൂചിക 14 ശതമാനവും മിഡ് ക്യാപ് 12 ശതമാനവും തകര്‍ന്നടിഞ്ഞു. ആഗോള വ്യാപകമായുണ്ടായ വില്പന സമ്മര്‍ദത്തില്‍ ഒരാഴ്ചകൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായത് 13 ലക്ഷം കോടി രൂപയാണ്. ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്ത കമ്ബനികളുടെ മൊത്തം വിപണിമൂല്യം മാര്‍ച്ച്‌ 20ലെ കണക്കുപ്രകാരം 116.09 ലക്ഷം കോടി രൂപയിലേയ്ക്ക് താഴ്ന്നു. മാര്‍ച്ച്‌ 13ലെ കണക്കുപ്രകാരം 129.26 ലക്ഷം കോടി രൂപയായിരുന്നു വിപണിമൂല്യം. ബിഎസ്‌ഇ 500 സൂചികയിലെ 313 ഓഹരികള്‍ 10 മുതല്‍ 50 ശതമാനംവരെ കൂപ്പുകുത്തി. വിദേശ നിക്ഷേപകര്‍ 50,000 കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞതെന്ന് താല്‍ക്കാലിക കണക്കുകള്‍ വ്യക്തമാക്കുന്നു. വിപണിയില്‍നിന്ന് പണം പിന്‍വലിച്ച്‌ നിക്ഷേപിക്കാതെ കാത്തിരിക്കുകയാണ് ഭൂരിഭാഗംപേരും. സ്വര്‍ണം മുതല്‍ സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ നിക്ഷേപത്തെവരെ അതുബാധിച്ചു. കൊറോണ കൂടുതലായി പടരുകയാണെങ്കില്‍ കൂടുതല്‍ രക്തച്ചൊരിച്ചിലുകള്‍ വിപണിയില്‍നിന്ന് പ്രതീക്ഷിക്കാമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. കോവിഡ് വ്യാപനം ലോകത്തൊട്ടാകെയുള്ള രാജ്യങ്ങളുടെ സമ്ബദ്ഘടനയെ കാര്യമായ ബാധിക്കുമെന്ന് ഇതിനകം മോര്‍ഗന്‍ സ്റ്റാന്‍ലി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ലോകമൊട്ടാകെയുള്ള ഓഹരി വിപണികള്‍ വന്‍തോതിലുള്ള വിറ്റൊഴിയലിന് സാക്ഷ്യംവഹിച്ചത് ഇതേതുടര്‍ന്നാണ്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ കോവിഡ്മൂലമുള്ള സാമ്ബത്തികാഘാതം കുറയ്ക്കുന്നതിനുള്ള നടപിടകളുമായി രംഗത്തെത്തിക്കഴിഞ്ഞു. നിരക്കുകുറയ്ക്കല്‍ മുതല്‍ പണലഭ്യത ഉറപ്പുവരുത്തുന്നതുവരെയുള്ള കാര്യങ്ങളാണ് ചെയ്തുവരുന്നത്. ഇതൊന്നും വിപണിയെ ശാന്തമാക്കുന്നതിന് പര്യാപ്തമാകുന്നില്ലെന്നതാണ് വിഷയം. നിക്ഷേപകരുടെ മനഃശാസ്ത്രമറിഞ്ഞുള്ള എന്ത് നീക്കമായിരിക്കും വിപണിയെ അടുത്തയാഴ്ച സ്വാധീനിക്കുകയെന്നതാണ് നിര്‍ണായകം. വിപണിയിലെ അസ്ഥിരത തടയുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)സ്വീകരിച്ച നടപടികള്‍ ഗുണകരമാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മാര്‍ച്ച്‌ 20ന് വിപണിയിലുണ്ടായ ഉണര്‍വ് നിലനില്‍ക്കുമോ? പ്രതിന്ധികളെ കവച്ചുവെച്ച്‌ വലിയ ചാഞ്ചാട്ടത്തിനൊടുവില്‍ വെള്ളിയാഴ്ച നിഫ്റ്റി 500 പോയന്റ് ഉയര്‍ന്ന് 8,700 നിലവാരത്തിന് മുകളിലെത്തി. സെന്‍സെക്‌സാകട്ടെ 1,600 പോയന്റിന്റെ കുതിപ്പോടെയാണ് ക്ലോസ് ചെയ്തത്. ആഗോള വിപണികള്‍ അന്ന് തിരിച്ചടി നേരിട്ടപ്പോഴും ആഭ്യന്തര സൂചികകള്‍ കനത്ത ചാഞ്ചാട്ടത്തിലുലഞ്ഞ് ഒടുവില്‍ മികച്ചനേട്ടമുണ്ടാക്കിയത് ഒരു ശുഭസൂചനയായി കാണാമോ? വരും ആഴ്ചയിലെ കോവിഡ് വ്യാപനം അതിന് അപൂര്‍ണമായിട്ടാണെങ്കിലും ഉത്തരംതരും.

Related News