Loading ...

Home USA

കൊവിഡ്-19: യു എസ് അതിര്‍ത്തികള്‍ അടയ്ക്കുന്നു; ന്യൂയോര്‍ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: മാരകമായ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ അതിര്‍ത്തികള്‍ അടച്ചിടാന്‍ ട്രം‌പിന്റെ ഉത്തരവ്. യുഎസിനും മെക്സിക്കോയ്ക്കുമിടയില്‍ അനാവശ്യമായ എല്ലാ യാത്രകളും നിരോധിക്കുമെന്ന് പ്രസിഡന്‍റ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. യുഎസ് - കാനഡ അതിര്‍ത്തിയെ സംബന്ധിച്ചും നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. വ്യാപാരം ഒഴിവാക്കുന്ന നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്യൂ ക്വോമോ സംസ്ഥാനത്തൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. എല്ലാ അപ്രധാന ബിസിനസ് സ്ഥാപനങ്ങളും ഞായറാഴ്ച രാത്രിയോടെ അടയ്ക്കണമെന്നും ഗവര്‍ണ്ണര്‍ ഉത്തരവിട്ടു. 'ന്യൂയോര്‍ക്കിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത് ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്യുന്നു. ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ സന്തുഷ്ടനാകും,' ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍ പറഞ്ഞു. കൊവിഡ്-19നെതിരായ പോരാട്ടം അമേരിക്കക്കാരെ ആഴ്ചകളോളം വീട്ടില്‍ തന്നെ ഇരുത്തേണ്ടി വരുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഡയറക്ടര്‍ ആന്റണി ഫൗസി പറഞ്ഞു. കൊറോണ വൈറസ് ചികിത്സയ്ക്ക് മലേറിയ മരുന്നുകള്‍ ഫലപ്രദമാകുമെന്ന ട്രം‌പിന്റെ അഭിപ്രായത്തോട് ഡോ. ഫൗസി വിയോജിപ്പ് പ്രകടിപ്പിച്ചു.

Related News