Loading ...

Home Gulf

കോവിഡ് 19; നിര്‍ണായകമായ അടുത്ത ഘട്ടത്തില്‍ പൂര്‍ണ സഹകരണം അനിവാര്യം: സല്‍മാന്‍ രാജാവ്

റിയാദ് : കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ഏറെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും രാജ്യത്തെ മുഴുവന്‍ ജനങ്ങളില്‍ നിന്നും പൂര്‍ണ അര്‍ഥത്തിലുള്ള സഹകരണം ഭരണകൂടത്തിന് ആവശ്യമാണെന്നും സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സാദ്. വ്യാഴാഴ്‌ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ രാജ്യത്തെ ജനതയുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനുള്ള കഠിന ശ്രമങ്ങളിലാണ് ഭരണകൂടം. പ്രവാസിയെന്നോ സ്വദേശിയെന്നോ വ്യത്യാസമില്ലാതെ അവരോടൊപ്പം സൗദി ഭരണകൂടവും ഉണ്ടായിരിക്കും. കോവിഡ് 19 വൈറസ് നിയന്ത്രണവിധേയമാക്കാനുള്ള ലോകത്തിന്‍റെ ശ്രമം വിജയിക്കുക തന്നെ ചെയ്യും. വളരെ നിര്‍ണായകമായ അടുത്ത ഘട്ടം വിജയകരമായി തരണം ചെയ്യാന്‍ ലോകത്തോടൊപ്പം സൗദി അറേബ്യയും നിലകൊള്ളുമെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.

രാജ്യത്തെ സ്വദേശി വിദേശി ജനതയുടെ ആരോഗ്യത്തിനായി സര്‍വശക്തനോട് പ്രാര്‍ഥിക്കുന്നതായും അതിനായി രാപ്പകല്‍ പാടുപെടുന്ന ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരോട് നന്ദി രേഖപ്പെടുത്തുന്നതായും രാജാവ് പറഞ്ഞു. രാജ്യം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന ഈ പരീക്ഷണ കാലഘട്ടത്തില്‍ തിരിച്ചടി നേരിടുന്ന എല്ലാ വിഭാഗം ജനങ്ങളെയും സഹായിക്കാന്‍ ഗവണ്‍മെന്‍റ് പ്രതിജ്ഞാബന്ധമാണെന്നും രാജാവ് ഉറപ്പു നല്‍കി.

Related News