Loading ...

Home National

കൊറോണയില്‍ വിറങ്ങലിച്ച്‌ രാജ്യം; ഞായറാഴ്ചത്തെ 14 മണിക്കൂര്‍ 'ജനതാ കര്‍ഫ്യൂ'

കൊറോണാവൈറസ് പകര്‍ച്ചവ്യാധി സംബന്ധിച്ച്‌ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച്‌ 22, ഞായറാഴ്ച ജനതാ കര്‍ഫ്യൂ ആചരിക്കാന്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയില്‍  കൊറോണാവൈറസിന്റെ വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഞായറാഴ്ച ജനതാ കര്‍ഫ്യൂ പ്രഖ്യാപനം. മാര്‍ച്ച്‌ 22ന് രാവിലെ 7 മുതല്‍ രാത്രി 9 വരെ വീടുകളില്‍ കന്നെ തുടരാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ജനതാ കര്‍ഫ്യൂവിന്റെ വെളിച്ചത്തില്‍ റോഡുകളിലും, പൊതുസ്ഥലങ്ങളിലും പോകുന്നത് ഒഴിവാക്കി 14 മണിക്കൂര്‍ വീടുകളില്‍ തുടരുകയാണ് വേണ്ടത്. എല്ലാ പൗരന്‍മാരും ജനതാ കര്‍ഫ്യൂവിന്റെ ഭാഗമാകണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരിക്കുന്നത്. പോലീസ്, മെഡിക്കല്‍ സേവനങ്ങള്‍, മീഡിയ, ഹോം ഡെലിവെറി, ഫയര്‍, മറ്റ് രാജ്യസേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ജനതാ കര്‍ഫ്യൂവില്‍ പങ്കെടുക്കേണ്ടതില്ല. വൈകുന്നേരം 5 മണിക്ക് അവശ്യ സേവനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ വീടുകള്‍ക്ക് മുന്നില്‍ നിന്ന് കൈയടിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെടുന്നു. 
  • ഉത്തരവാദിത്വമുള്ള പൗരന്മാരായിരിക്കുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ പാലിക്കുക.
  • ഭക്ഷ്യവസ്തുക്കളോ മറ്റ് അവശ്യസാധനങ്ങളോ വാങ്ങിക്കൂട്ടേണ്ടതില്ല. ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്.
  • കൊറോണ വൈറസ് സമ്പദ്ഘടനയ്ക്കു മേല്‍ കടുത്ത ആഘാതമാണ് ഏല്‍പിച്ചത്. ഇതിനെ പ്രതിരോധിക്കാന്‍ ധനമന്ത്രിയുടെ നേതൃത്വത്തില്‍ ദൗത്യസംഘം രൂപവത്കരിക്കും.
  • കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ആദരം. മാര്‍ച്ച്‌ 22ന് വൈകുന്നേരം അഞ്ചുമണിക്ക് വാതില്‍, ബാല്‍ക്കണി, ജാലകം എന്നിവിടങ്ങളില്‍നിന്ന് അഞ്ചുമിനുട്ട് കൈയടിക്കാം,മണികള്‍ മുഴക്കാം.
  • പതിവുപരിശോധനകള്‍ക്കായി ആശുപത്രികളില്‍ പോകുന്ന പതിവ് നിര്‍ത്തണം. അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയ ആണെങ്കില്‍ ഒരുമാസത്തേക്ക് നീട്ടിവെക്കണം.
  • അടുത്ത കുറച്ച്‌ ആഴ്ചത്തേക്ക് അറുപതുവയസ്സിനു മേല്‍ പ്രായമുള്ളവര്‍ വീടിനു പുറത്തിറങ്ങരുത്.
  • സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കുക.
ഇതിന് പുറമെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും ആളുകളെ അറിയിക്കണം, പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യം സുപ്രധാനമായ ആഴ്ചകളിലേക്ക് കടക്കുന്നതിന് മുന്‍പാണ് കടുത്ത നടപടികള്‍ പ്രഖ്യാപിക്കാതെയുള്ള അഭിസംബോധന കടന്നുപോയത്. അതേസമയം ജനതാ കര്‍ഫ്യൂ വരാനിരിക്കുന്ന നടപടികളുടെ സൂചനയായി നല്‍കുന്നതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.


Related News