Loading ...

Home National

സിപ്‌ലയും ഐഐസിടിയും കൈകോര്‍ത്തു, കൊറോണയ്ക്ക് മരുന്നിനായി ഊര്‍ജിത ശ്രമം

ലോകത്താകമാനം വ്യാപിച്ച കൊറോണ വൈറസിന് പ്രതിരോധമരുന്ന് കണ്ടെത്താനുള്ള കഠിനശ്രമത്തിലാണ് ലോകം. ഇന്ത്യയിലും കൊറോണയ്ക്കുള്ള പ്രതിരോധ മരുന്ന് നിര്‍മിക്കാനുള്ള പഠനങ്ങളും ഗവേഷണങ്ങളും ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിലെ മരുന്ന് നിര്‍മാണ രംഗത്തെ ഭീമന്മാരായ സിപ്‌ല കോവിഡ്-19നെ പ്രതിരോധിക്കാനുള്ള ആന്റി വൈറല്‍ മരുന്നിനുള്ള മൂന്ന് രാസ സംയുക്തങ്ങള്‍ വികസിപ്പിക്കാന്‍ തയ്യാറായി രംഗത്തെത്തിക്കഴിഞ്ഞു. ഇതിനായി കൗണ്‍സില്‍ ഓഫ് സയിന്റിഫിക് ആന്റ് റിസേര്‍ച്ച്‌, (CSIR), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി (IICT) എന്നിവയോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. രാസസംയുക്തങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അനുമതി തേടി സിപ്‌ല ചെയര്‍മാര്‍ വൈ.കെ ഹമെയ്ദ് ഐ.ഐ.സി.ടി.യെ സമീപിച്ചതായി ഡയറക്ടര്‍ എസ്. ചന്ദ്രശേഖര്‍, പ്രിന്‍സിപ്പള്‍ സയിന്റിസ്റ്റ് പ്രതമ എസ് മണികര്‍ എന്നിവര്‍ പറഞ്ഞു. ഫവിപിരവിര്‍, റെമിഡിസിവിര്‍, ബോലാക്‌സവിര്‍ എന്നീ രാസസംയുക്തങ്ങളാണ് നിര്‍മിക്കുക. അനുമതി നല്‍കിയാല്‍ ഈ മരുന്ന് സംയുക്തങ്ങള്‍ നിര്‍മിച്ച്‌ ക്ലിനിക്കല്‍ പരീക്ഷണം നടത്താനും ഫലവത്തെങ്കില്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാനും സിപ്‌ലയ്ക്ക് സാധിക്കും. ഫവിപിരവിര്‍ (Favipiravir), റെമിഡെസിവിര്‍ (Remidesivir), ബോലാക്‌സവിര്‍ (Bolaxavir) എന്നീ മരുന്നുകള്‍ ഇതിനോടകം ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയാക്കിയ മരുന്നുകളാണ്. അതിനാല്‍ ഇവ ഉത്പാദിപ്പിക്കാന്‍ അധിക സമയം വേണ്ടിവരില്ല. ആറ് മുതല്‍ പത്ത് ആഴ്ച വരെ സമയം കൊണ്ട് അവ പൂര്‍ണതോതില്‍ ഉത്പാദിപ്പിക്കാനാവും. ബോലാക്‌സവിര്‍ തന്മാത്രകള്‍ നിര്‍മിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പല കമ്ബനികളും നിരവധി ആന്റി വൈറല്‍ മരുന്നുകള്‍ മുന്‍പ് വികസിപ്പിച്ചിട്ടുണ്ട്, എന്നാല്‍ ആവശ്യക്കാരില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ഉത്പാദനം വലിയ തോതില്‍ ചുരുക്കിയിട്ടുണ്ട്. ഇവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നവയാണ് ഈ മൂന്ന് രാസസംയക്തങ്ങള്‍ എന്ന് ഐ.ഐ.സി.ടി ഡയറക്ടര്‍ എസ്. ചന്ദ്രശേഖര്‍ പറഞ്ഞു. രാസസംയുക്തങ്ങള്‍ ഉപയോഗിച്ച്‌ പരീക്ഷണാടിസ്ഥാനത്തിലുള്ള മരുന്ന് നിര്‍മാണം പൂര്‍ത്തിയായാല്‍ സിപ്‌ല ഇത് നായ്ക്കളിലും മനുഷ്യരിലും പരീക്ഷിക്കും. ശേഷമാവും മരുന്ന് നിര്‍മിക്കാനായി റെഗുലേറ്ററി അതോറിറ്റിയെ സമീപിക്കുക. അനുമതി ലഭിച്ചാല്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ മരുന്ന് വിപണിയിലേക്കെത്തിയേക്കാം. ഇത് ആദ്യമായല്ല സിപ്‌ലയും ഐ.ഐ.സി.ടിയുമായി ആയി കൈകോര്‍ക്കുന്നത്. ഇതിനുമുന്‍പ് എയ്ഡ്‌സ്, കാന്‍സര്‍ തുടങ്ങി നിരവധി രോഗങ്ങള്‍ക്കുള്ള മരുന്ന് വികസിക്കാന്‍ സിപ്‌ലയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഐ.ഐ.സി.ടി ഡയറക്ടര്‍ ഡോ. ചന്ദ്രശേഖരന്‍ പറഞ്ഞു.

Related News