Loading ...

Home National

കൊറോണ: നഷ്ടത്തിലായ വ്യോമയാന മേഖലയ്ക്ക് 11,900 കോടിയുടെ സഹായവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വലിയ നഷ്ടം നേരിടുന്ന വ്യേമയാന മേഖലയ്ക്ക് കേന്ദ്രം 11,900 കോടി രൂപയുടെ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന്‌ റിപ്പോര്‍ട്ട്. കൊറോണ പടര്‍ന്നുപിടിച്ചതോടെ ലോക രാജ്യങ്ങള്‍ അതിര്‍ത്തിയടച്ച്‌ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെയാണ് വ്യോമയാന കമ്ബനികള്‍ സമീപകാലത്തൊന്നുമില്ലാത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയത്. സാമ്ബത്തിക സഹായ പാക്കേജ്‌ നിലവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നാണ് സൂചന. ഇന്ധന നികുതി ഉള്‍പ്പെടെ വ്യോമയാന മേഖലയിലെ വിവിധ നികുതികള്‍ ഈടാക്കുന്നത്‌ താത്കാലികമായി നിര്‍ത്തിവെയ്ക്കുന്ന കാര്യം കേന്ദ്ര ധനമന്ത്രാലയം പരിഗണിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യോമയാന ഗതാഗതം താറുമാറായോടെ ഗോ എയര്‍, ഇന്‍ഡിഗോ, വിസ്താര എന്നീ വിമാന കമ്പനികളുടെ ഒട്ടേറെ വിമാനങ്ങള്‍ വിവിധ വിമാനത്താവളങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. താത്കാലിക ജീവനക്കാരുടേതടക്കം നിരവധി ജീവനക്കാരുടെ ജോലിയും പ്രതിസന്ധിയിലായി. പ്രതിസന്ധി ഘട്ടം മറികടക്കാന്‍ 200 ബില്ല്യണ്‍ ഡോളറിലേറെ സാമ്പത്തിക സഹായം ലോകത്താകമാനമുള്ള വ്യോമയാന മേഖലയ്ക്ക് ആവശ്യമാണെന്ന് അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (IATA) കണക്കാക്കുന്നു. യുഎസ് എയര്‍ലൈന്‍സ് നേരിടുന്ന പ്രതിസന്ധി തരണംചെയ്യാന്‍ 50 മില്ല്യണ്‍ ഡോളറിന്റെ വായ്പ നല്‍കാന്‍ ട്രംപ് ഭരണകൂടം കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ അനുമതി തേടിയിരുന്നു. നിലവില്‍ 176 രാജ്യങ്ങളിലായി 219,367 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 8970 പേര്‍ മരണപ്പെട്ടു. ഇന്ത്യയില്‍ 171 പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു.



Related News