Loading ...

Home International

കൊറോണയെ പിടിച്ചുകെട്ടി ചൈന; പ്രഭവകേന്ദ്രമായ വുഹാനില്‍ പുതിയ രോഗികളില്ല

ബെയ്ജിങ്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ പിടിച്ചുകെട്ടി ചൈന. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ നഗരത്തില്‍ ബുധനാഴ്ച പുതുതായി ഒരാള്‍ക്ക് പോലും വൈറസ് ബാധയില്ല. ചൈനയില്‍ വൈറസ് പടര്‍ന്നുപിടിച്ചതിന് ശേഷം ഇതാദ്യമായാണ് വുഹാനില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത്. വൈറസ് നിയന്ത്രണാതീതമായതോടെ ജനുവരി 23 മുതല്‍ വുഹാനില്‍ കര്‍ശനമായ പ്രതിരോധ നടപടികള്‍ ഏര്‍പ്പെടുത്തിയിരുന്നു. നഗരത്തിലെ 1.1 കോടി ജനങ്ങള്‍ക്ക് വീടുകളില്‍ സമ്ബര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തി. ഹ്യൂബെ പ്രവിശ്യയിലെ നാല് കോടിയിലേറെ ജനങ്ങളെ പുറത്തിറങ്ങുന്നതില്‍നിന്ന് വിലക്കുകയും ചെയ്തു. ശക്തമായ ഇത്തരം പ്രതിരോധ നടപടികള്‍ക്കൊടുവിലാണ് വുഹാനെ പിടിച്ചുലച്ച വൈറസിനെ പിടിച്ചുകെട്ടാന്‍ ചൈനീസ് ആരോഗ്യവകുപ്പിന് സാധിച്ചത്. വുഹാന്‍ നഗരത്തിന്‌ പുറമേ ചൈനയിലെ മറ്റ് പ്രദേശങ്ങളിലും പുതിയ കൊറോണ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പുതുതായി 34 കേസുകള്‍ മാത്രമാണ് ബുധനാഴ്ച ചൈനയില്‍ സ്ഥിരീകരിച്ചതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കി. ഇതില്‍ 21 എണ്ണവും ബെയ്ജിങ് നഗരത്തിലാണ്. ചൊവ്വാഴ്ച 13 പേര്‍ക്ക് മാത്രമാണ് ചൈനയില്‍ വൈറസ് സ്ഥിരീകരിച്ചിരുന്നത്. അതേസമയം, പുതുതായി വൈറസ് സ്ഥിരീകരിച്ചവരെല്ലാം വിദേശത്തുനിന്ന് ചൈനയിലേക്കെത്തിയ യാത്രക്കാരാണ്. പ്രാദേശികമായി ഒരു പോസിറ്റീവ് കേസ് പോലും ചൈനയ്ക്ക് അകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ വിദേശ രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് കര്‍ശന പരിശോധനകള്‍ ഏര്‍പ്പെടുത്തുകയാണ് ചൈനീസ് ഭരണകൂടം. 80,928 പേര്‍ക്കാണ് ഇതുവരെ ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 3245 പേര്‍ മരണപ്പെട്ടു. 70420 പേര്‍ക്ക് പൂര്‍ണമായും രോഗം ഭേദമായി. ഏതാനം ദിവസങ്ങള്‍ക്ക് മുമ്ബുവരെ ക്രമാതീതമായി ഉയര്‍ന്നിരുന്ന മരണനിരക്ക് വലിയ തോതില്‍ പിടിച്ചുനിര്‍ത്താനും ചൈനീസ് ആരോഗ്യവകുപ്പിന് സാധിച്ചു. ബുധനാഴ്ച എട്ട് മരണം മാത്രമേ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. ഹ്യൂബെ പ്രവിശ്യയില്‍ ചികിത്സയിലുള്ളവരായിരുന്നു ഇവരെല്ലാം

Related News