Loading ...

Home health

കുട്ടികളിലെ പ്രമേഹത്തിന് രണ്ടവസ്ഥകളെന്നു പഠനം

കുട്ടികളെ ബാധിക്കുന്ന ടൈപ്പ്1 പ്രമേഹത്തിനു രണ്ടവസ്ഥകളുണ്ടെന്നു പഠനം. ഏഴുവയസ്സിനു താഴെയുള്ളവരിലുള്ള ടൈപ്പ്1 പ്രമേഹവും 13 വയസ്സിനു മുകളിലുള്ളവരിലെ രോഗവും വ്യത്യസ്തമാണെന്നാണു കണ്ടെത്തിയത്. യു.കെ.യിലെ എക്‌സെറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഏഴുവയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ടി1.ഡി.ഇ 1 എന്നും 13 വയസ്സും അതിനുമുകളിലുള്ളവര്‍ക്കും ടി1ഡി.ഇ 2 എന്നും രണ്ടുവിഭാഗങ്ങളായി ടൈപ്പ്1 പ്രമേഹത്തെ പഠനം വേര്‍തിരിക്കുന്നു. ഏഴിനും 12നും ഇടയിലുള്ള കുട്ടികള്‍ക്ക് ഈ രണ്ടുവിഭാഗങ്ങളിലേതെങ്കിലും തരത്തിലുള്ള പ്രമേഹമായിരിക്കും ബാധിക്കുകയെന്നാണു പഠനം പറയുന്നത്. പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ബീറ്റാകോശങ്ങള്‍ നശിക്കുന്നതിനാല്‍ ഇന്‍സുലിന്‍ ഇല്ലാതെപോകുന്നതും തുടര്‍ന്ന് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവുകൂടുന്നതുമാണ് കുട്ടികളിലെ ടൈപ്പ്1 പ്രമേഹത്തിനു കാരണം. ടൈപ്പ് 1 പ്രമേഹം ബാധിച്ച്‌ മരിച്ചവരുള്‍പ്പെടെ 130 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചാണ് പഠനം തയ്യാറാക്കിയത്. ടൈപ്പ് വണ്‍ പ്രമേഹം കണ്ടെത്തിയവരുടെ രക്തത്തില്‍നിന്ന് പാന്‍ക്രിയാസിലെ വ്യത്യാസങ്ങള്‍ ഗവേഷകര്‍ നിരീക്ഷിക്കുകയായിരുന്നു. പഠനം കുട്ടികളില്‍ വര്‍ധിച്ചുവരുന്ന പ്രമേഹത്തിന് ചികിത്സ കണ്ടെത്താന്‍ സഹായകമാണെന്നു ഗവേഷണസംഘത്തിലെ പ്രൊഫസര്‍ സാറാ റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു. ടൈപ്പ് 1 പ്രമേഹത്തിലെ ചികിത്സ രോഗിയുടെ പ്രായത്തിനനുസരിച്ച്‌ ക്രമീകരിക്കുന്നതിന്റെ ആവശ്യകതയിലേക്കാണു പഠനം വിരല്‍ചൂണ്ടുന്നത്.

Related News