Loading ...

Home sports

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസും മാറ്റിവച്ചു; കളിമണ്‍ കോര്‍ട്ടിലെ പോരാട്ടം ഇനി സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 4 വരെ

പാരീസ്: ഫ്രാന്‍സിലും മറ്റെല്ലാ ലോകരാജ്യങ്ങളിലും കോവിഡ്19 ബാധിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സീസണിലെ രണ്ടാം ഗ്രാന്‍സ്ലാമായ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് മാറ്റിവച്ചതായി സംഘാടകര്‍ അറിയിച്ചു. കളിമണ്‍ കോര്‍ട്ടില്‍ നടക്കുന്ന ഏറ ഗ്രാന്റ്സ്ലാം മത്സരങ്ങള്‍ സെപ്തംബര്‍ പകുതിയോടെ നടത്താനാകുമെന്നാണ് നിലവിലെ പ്രതീക്ഷ. തീയതികള്‍ നിലവില്‍ സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് ധാരണയായിരിക്കുന്നത്. മെയ് മാസം 24ന് തുടങ്ങി ജൂണ്‍ 7 വരെയാണ് ഫ്രഞ്ച് ഓപ്പണ്‍ തീരുമാനിച്ചിരുന്നത്. റാഫേല്‍ നദാലും ജോക്കോവിച്ചും ശക്തമായ സാന്നിദ്ധ്യമാകുന്ന കളിമണ്‍ കോര്‍ട്ടിലെ പോരാട്ടത്തിന് പക്ഷെ കോവിഡ്19 ബാധ താല്‍ക്കാലികമായി തടയിട്ടിരിക്കുകയാണ്. പുരുഷന്മാരില്‍ റാഫേല്‍ നദാലും വനിതകളില്‍ ആഷ്‌ലീ ബാര്‍ട്ടിയുമാണ് നിലവിലെ കിരീട ജേതാക്കള്‍. മെയ്മാസം 18ന് യോഗ്യതാ റൗണ്ടുകള്‍ ആരംഭിക്കേണ്ടതും നീട്ടിവച്ചു കഴിഞ്ഞു. ഒപ്പം ഫ്രഞ്ച് ഓപ്പണ്‍ മുഖ്യവേദിയായ ഫിലിപ്പേ ചാര്‍ട്ടിയര്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര സ്വയം അടയുന്ന തരത്തില്‍ സജ്ജമാക്കിയതിന്റെ പരിശോധനകള്‍ അടുത്തമാസം നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഫ്രഞ്ച് ടെന്നീസ് ഫെഡറേഷനാണ് സംഘാടകര്‍.

Related News