Loading ...

Home International

കൊറോണ വൈറസ് അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് പകരില്ലെന്ന് ഡോക്ടര്‍മാര്‍

ബെയ്ജിങ്: പ്രസവ സമയത്ത് അമ്മയില്‍ നിന്ന് നവജാത ശിശുവിലേക്ക് കൊറോണ വൈറസ് (കോവിഡ് 19) പകരാന്‍ സാധ്യതയില്ലെന്നാവര്‍ത്തിക്കുകയാണ് ചൈനയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍. വുഹാനിലെ യൂണിയന്‍ ആശുപത്രിയില്‍ വൈറസ് ബാധയുള്ള നാല് അമ്മമാരില്‍ നിന്ന് പ്രസവ സമയത്ത് കുഞ്ഞുങ്ങളിലേക്ക് രോഗം ബാധിച്ചില്ലെന്നതാണ് ഇതിന് ഏറ്റവും പുതിയ തെളിവായി ഇവര്‍ നിരത്തുന്നത്. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ ഹുവാഷൂങ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ഫ്രണ്ടിയേഴ്സ് ഇന്‍ പീഡിയാട്രിക്സ് ജേണലില്‍ പ്രസിദ്ധീകരിച്ചു. ജനിച്ചയുടനെ നാലു കുഞ്ഞുങ്ങളെയും പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരുന്നു. രണ്ടുപേര്‍ക്ക് നേരിയ ശ്വാസ തടസ്സമുണ്ടായിരുന്നെങ്കിലും ഭേദപ്പെട്ടു. പക്ഷേ, പരിശോധനയില്‍ കൊറോണ കണ്ടെത്താനായില്ലെന്ന് പഠനത്തിന്റെ ഭാഗമായ യാലന്‍ ലിയു പറഞ്ഞു. കുഞ്ഞുങ്ങളും അമ്മമാരും ഇപ്പോള്‍ പൂര്‍ണ ആരോഗ്യത്തിലാണ്. നേരത്തേ ഒന്‍പത് ഗര്‍ഭിണികളില്‍ നടന്ന പഠനത്തിലും കുഞ്ഞുങ്ങളിലേക്ക് രോഗം പകരുന്നില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കുഞ്ഞുങ്ങളെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നതാണ് സുരക്ഷിതമെന്ന്‌ സംഘം നിര്‍ദേശിക്കുന്നു. കൊറോണ വൈറസ് പരത്തുന്ന സാര്‍സ്, മെര്‍സ് രോഗങ്ങളും നവജാത ശിശുക്കളിലേക്ക് പകരില്ലെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, ഗര്‍ഭച്ഛിദ്രത്തിനും മരണത്തിനും മറ്റും ഈ വൈറസുകള്‍ കാരണമായിട്ടുണ്ട്.

Related News