Loading ...

Home Gulf

കൊറോണ: ഇന്ത്യ-ഗള്‍ഫ് വിമാനബന്ധം താറുമാറായി

ദുബായ്: കൊറോണ(കോവിഡ്-19) വൈറസ് വ്യാപനംകാരണം ഇന്ത്യയും ഗള്‍ഫ് നാടുകളും തമ്മിലുള്ള വ്യോമയാനബന്ധം പേരിനുമാത്രമാവുകയാണ്. ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത് എന്നിവ ഇന്ത്യയിലേക്ക് ഉള്‍പ്പെടെയുള്ള എല്ലാ അന്താരാഷ്ട്ര വിമാനസര്‍വീസുകളും നിര്‍ത്തി. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ യു.എ.ഇ. നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ പലതും റദ്ദാക്കി. ഇന്ത്യയില്‍നിന്ന് യു.എ.ഇ.യിലേക്ക് യാത്രക്കാരില്ല എന്നതാണ് ഇതിന് പ്രധാനകാരണമായി പറയുന്നത്. ചൊവ്വാഴ്ച മുതല്‍ യു.എ.ഇ. സന്ദര്‍ശകവിസ ഉള്‍പ്പെടെ എല്ലാ വിസാ വിതരണവും നിര്‍ത്തിവെക്കുകയാണ്. കണ്ണൂരിലേക്ക് ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ഗോ എയര്‍ 16മുതല്‍ ഏപ്രില്‍ 15വരെയും ഇന്‍ഡിഗോ ഈമാസം 28 വരെയും ഒട്ടേറെ സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ചില സര്‍വീസുകള്‍ റദ്ദാക്കുകയോ ചിലത് കൂട്ടിയോജിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. സൗദി അറേബ്യ ചരിത്രത്തിലാദ്യമായാണ് എല്ലാ അന്താരാഷ്ട്ര വിമാനസര്‍വീസുകളും നിര്‍ത്തുന്നത്. ഞായറാഴ്ച കാലത്ത് പതിനൊന്നു മണിയായിരുന്നു വിദേശവിമാനങ്ങള്‍ക്ക് അവിടെ പ്രവേശിക്കാനുള്ള അവസാനസമയം. ഗള്‍ഫ് നാടുകളുമായുള്ള വിമാനബന്ധവും റോഡ് ബന്ധവും നേരത്തേതന്നെ സൗദി അറേബ്യ നിര്‍ത്തിവെച്ചിരുന്നു. ചൊവ്വാഴ്ചമുതല്‍ പുതിയ സന്ദര്‍ശകവിസ, ബിസിനസ് വിസ, തൊഴില്‍വിസ എന്നിവയൊന്നും അനുവദിക്കില്ലെന്നാണ് യു.എ.ഇ.യുടെ പ്രഖ്യാപനം. നിലവില്‍ വിസയുള്ളവര്‍ക്ക് യു.എ.ഇ.യിലേക്ക് വരാമെങ്കിലും വിമാനങ്ങള്‍ കുറയുന്നത് യാത്രയും ക്ലേശകരമാക്കും. വിദേശത്തുനിന്ന് വരുന്നവര്‍ക്ക് അസുഖലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയേണ്ടിവരുമെന്നും യു.എ.ഇ. മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. കോവിഡ്-19 ബാധിച്ചിട്ടില്ല എന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ ബഹ്റൈനിലും ഒമാനിലും ഇപ്പോള്‍ പ്രവേശിക്കാം. പക്ഷേ, ഇവിടങ്ങളിലും വിമാനക്കമ്ബനികള്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഗോ എയറിന്റെ കണ്ണൂരില്‍നിന്നുള്ള അബുദാബി, ദുബായ്, മസ്കറ്റ്, ദമാം, കുവൈത്ത് സര്‍വീസുകള്‍, മുംബൈയില്‍നിന്നുള്ള അബുദാബി, മസ്കറ്റ് സര്‍വീസ്, ഡല്‍ഹി-അബുദാബി സര്‍വീസ് എന്നിവയാണ് ഒരുമാസത്തേക്ക് നിര്‍ത്തിവെച്ചത്. ഷാര്‍ജ-തിരുവനന്തപുരം, ദുബായ്-കോഴിക്കോട്, ദുബായ്-മംഗലാപുരം ഉള്‍പ്പെടെ ഒമ്ബതുസര്‍വീസുകളാണ് ഇന്‍ഡിഗോ നിര്‍ത്തിയത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 17-നുള്ള ഷാര്‍ജ-കൊച്ചി, ദുബായ്- മംഗലാപുരം സര്‍വീസുകളും റദ്ദാക്കി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടുന്നു എന്നമട്ടില്‍ സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ അറിയിച്ചു.

Related News