Loading ...

Home Kerala

സംസ്ഥാനത്ത് 21 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു;വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം

തിരുവനന്തപുരം: മൂന്നാറില്‍ താമസിച്ചിരുന്ന ബ്രിട്ടന്‍ സ്വദേശിക്ക് പുറമേ സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഒരു ഡോക്ടര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ചികിത്സയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 21 ആയി. അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി കെകെ ശൈലജ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കൊവിഡ് രോഗ ബാധ തടയാന്‍ അതിര്‍ത്തി ജില്ലകളില്‍ ട്രെയിനുകളില്‍ പരിശോധന നടത്താനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. റെയില്‍വെ ഉന്നതരുടെ കൂടി അഭിപ്രായം പരിഗണിച്ച്‌ ട്രെയിനുകളില്‍ നിന്ന് ഇറങ്ങിപ്പോകുന്ന യാത്രക്കാരെ അതത് സ്റ്റേഷനുകളില്‍ പരിശോധിക്കാനാണ് തീരുമാനം. ഇതിന് പൊലീസിന്റെ കൂടി സഹായം ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വലിയൊരു ഉത്കണ്ഠയും ഭയവും ജനങ്ങളില്‍ സൃഷ്ടിക്കാന്‍ സാധിക്കില്ല. ജനങ്ങളുടെ ജീവിത പ്രവര്‍ത്തി നടക്കണം. ഒരുപാട് ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ ഒഴിവാക്കണമെന്നാണ് നമ്മള്‍ ആവശ്യപ്പെട്ടതെന്ന് മന്ത്രി വിശദീകരിച്ചു. ഒരു ജീവിത പ്രവര്‍ത്തിയും പാടില്ലെന്നല്ല നിലപാടെന്നും മന്ത്രി വ്യക്തമാക്കി. റിസോര്‍ട്ടുകള്‍, ഹോം-സ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്ന വിദേശികളുടെ യാത്രാവിവരങ്ങളെപ്പറ്റി അവര്‍ താമസിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. കോവിഡ്-19 പരിശോധനയ്ക്ക് വിധേയരായിട്ടുള്ള വിദേശികള്‍ക്ക് പരിശോധനാഫലം നെഗറ്റീവായതിനു ശേഷം മാത്രമേ തുടര്‍ യാത്രയ്ക്ക് അനുമതി നല്‍കാവൂ. കേരളത്തിലെത്തുന്ന വിദേശ പൗരന്‍മാരുടെ കൃത്യമായ വിവരം ജില്ലാഭരണകൂടങ്ങള്‍ക്ക് സംസ്ഥാന പൊലീസ് ആസ്ഥാനത്തുനിന്നും ശേഖരിച്ചു നല്‍കേണ്ടതാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Related News