Loading ...

Home International

കോവിഡ് - 19; മരണം- 5420, അമേരിക്കയിലും സ്‌പെയിനിലും അടിയന്തരാവസ്ഥ, ഇന്ത്യയിലും കനത്ത ജാഗ്രത

ലോകത്ത് കൊവിഡ് 19 മൂലമുള്ള മരണനിരക്ക് 5420 ആയി ഉയര്‍ന്നു. 127 രാജ്യങ്ങളിലായി 1,42,792 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 1266 ആയി. സ്‌പെയിനില്‍ 122 പേരും അമേരിക്കയില്‍ 40 പേരും മരിച്ചു. 1700 ഓളം പേര്‍ ചികില്‍സയിലാണ്. കൊവിഡ് രോഗം പടരുന്നത് കണക്കിലെടുത്ത് അമേരിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടില്‍നിന്ന് 50,000 കോടി യു.എസ് ഡോളര്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെനിയ, കസാഖിസ്ഥാന്‍, എതോപ്യ എന്നീ രാജ്യങ്ങളിലും കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ സ്‌പെയിനും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രോഗ വ്യാപനം കണത്തിലെടുത്ത് ഇറ്റലി ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന്‍ എന്നി രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സിംഗപ്പൂര്‍ വിലക്കേര്‍പ്പെടുത്തി.

അതേ സമയം ഇന്ത്യയില്‍ ആദ്യ കൊവിഡ് മരണങ്ങളുണ്ടായ കര്‍ണാടകയിലും ഡല്‍ഹിയിലും സര്‍ക്കാര്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടകയിലുടനീളം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. കര്‍ണാടകത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. ഓഡിറ്റോറിയങ്ങള്‍, മാളുകള്‍, പാര്‍ക്കുകള്‍, തിയേറ്ററുകള്‍, വന്‍കിട റസ്റ്റോറന്റുകള്‍, പബ്ബുകള്‍ എന്നിവയെല്ലാം പൂട്ടിയിരിക്കുകയാണ്. ഐടി ജീവനക്കാര്‍ വരും ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദ്ദേശം.ഒരാഴ്ചത്തേക്കാണ് നിയന്ത്രണം.  കല്‍ബുര്‍ഗിലേക്കുള്ള റോഡുകള്‍ അടച്ചുള്ള നിയന്ത്രണം തുടരുകയാണ്. ഇവിടെ കുടുങ്ങിയ നാനൂറോളം മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് തിരിച്ചു.എഴുപത്തിയാറുകാരന് രോഗം സ്ഥിരീകരിക്കാന്‍ വൈകിയ കല്‍ബുര്‍ഗിയില്‍ വലിയ വെല്ലുവിളിയാണ് ആരോഗ്യവകുപ്പ് നേരിടുന്നത്. രോഗി വീട്ടിലും കല്‍ബുര്‍ഗിയിലെയും ഹൈദരാബാദിലെയും ആശുപത്രികളിലുമായി ഒന്‍പത് ദിവസത്തോളം കഴിഞ്ഞു. കൊവിഡ് സംശയിച്ചിട്ടും മൃതദേഹം സംസ്‌കരിക്കുന്നതില്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നും വ്യക്തമായിട്ടുണ്ട്. കയ്യുറയും മാസ്‌കും ധരിക്കാത്തവരാണ് ആംബുലന്‍സിലേക്ക് മൃതദേഹം മാറ്റിയത്. രോഗം പടരുന്നത് തടയാന്‍ ഇറ്റലിയില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഭക്ഷ്യവസ്തുക്കളും മരുന്നുകളും വില്‍ക്കുന്ന കടകള്‍ ഒഴികെ ഹോട്ടലുകളും ബാറുകളുമടക്കം എല്ലാ കടകളും പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ റോമിലെ എല്ലാ കത്തോലിക്ക പള്ളികളും അടച്ചിടും. 900ഓളം പള്ളികളാണ് റോമില്‍ പൂട്ടുന്നത്.

Related News