Loading ...

Home sports

ആഴ്‌സണല്‍ പരിശീലകനും ചെല്‍സി താരത്തിനും കൊറോണ സ്ഥിരീകരിച്ചു; ഫുട്‌ബോള്‍ ലോകത്ത് ആശങ്ക

ലണ്ടന്‍: ഫുട്‌ബോള്‍ ലോകത്തും കൊറോണ ഭീതി. ആഴ്സണല്‍ കോച്ച്‌ മൈക്കല്‍ ആര്‍ട്ടെറ്റയ്ക്കും ചെല്‍സി താരം ഹഡ്സണ്‍ ഒഡോയ്ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പരിശീലകന് രോഗം ബാധിച്ചതോടെ ആഴ്‌സണല്‍ ടീം ഒന്നടങ്കം ഐസൊലേഷനിലാണെന്ന് ക്ലബ്ബ് വ്യക്തമാക്കി. ലണ്ടനിലെ ക്ലബ്ബിന്റെ പരിശീലന കേന്ദ്രവും പൂട്ടി. ഇതിനു പിന്നാലെ ശനിയാഴ്ച ബ്രൈറ്റനെതിരായ ആഴ്‌സണലിന്റെ മത്സരം മാറ്റിവെച്ചു. മാഞ്ചെസ്റ്റര്‍ സിറ്റിയുമായുള്ള മത്സരവും മാറ്റിവെച്ചിരുന്നു. ബുധനാഴ്ച സിറ്റിയുമായി നടക്കാനിരുന്ന മത്സരത്തിന് മുമ്ബാണ് ആര്‍ട്ടെറ്റയ്ക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ യൂറോപ്പ ലീഗില്‍ ഒളിമ്ബിയാക്കോസുമായുള്ള മത്സരത്തിനിടെ പിന്നീട് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഒളിമ്ബിയാക്കോസ് ക്ലബ്ബ് ഉടമ ഇവാഞ്ചലോസ് മാരിനാക്കിസുമായി ആഴ്‌സണല്‍ താരങ്ങളും കോച്ചുമടക്കം ഇടപഴകിയിരുന്നു. ഇതാണ് രോഗം പകരാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. അതേസമയം ചെല്‍സി താരം ഹഡ്സണ്‍ ഒഡോയ്ക്കും വൈറസ് സ്ഥിരീകരിച്ചതോടെ സഹതാരങ്ങളും കോച്ചിങ് സ്റ്റാഫും അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്. താരവുമായി അടുത്തിടപഴകിയവരെയെല്ലാം ഐസൊലേഷനിലേക്ക് മാറ്റി. ഈ സാഹചര്യത്തിലും മത്സരങ്ങള്‍ നിര്‍ത്തി വെക്കാന്‍ പ്രീമിയര്‍ ലീഗ് മാനേജ്‌മെന്റ് തയ്യാറാകാത്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കോവിഡ്-19 ഭീതിയെ തുടര്‍ന്ന് മറ്റ് പ്രധാന ലീഗുകള്‍ നിര്‍ത്തിവെയ്ക്കാന്‍ തയ്യാറാകുമ്ബോഴാണ് പ്രീമിയര്‍ ലീഗ് യാതൊരു നടപടിയും കൈക്കൊള്ളാതിരിക്കുന്നത്. എങ്കിലും അടിയന്തര സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രീമിയര്‍ ലീഗ് അധികൃതര്‍ യോഗം വിളിച്ചിട്ടുണ്ട്.

Related News