Loading ...

Home Europe

പ്രൊഫഷണലുകള്‍ക്കും തിരിച്ചടി; യുകെയില്‍ വിസ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കും

ലണ്ടന്‍: ബ്രിട്ടനിലേക്കുള്ള ദീര്‍ഘകാല വിസകളുടെ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്ത് യുകെയിലെ ബജറ്റ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനിലേക്ക് കുടിയേറുന്നവര്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഫീസ് കൂടി ഉള്‍പ്പെടുത്തിയാണ് വര്‍ധന. ഇന്ത്യന്‍ വംശജനായ ധനമന്ത്രി റിഷി സുനകാണ് ബജറ്റ് അവതരിപ്പിച്ചത്. ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ്ജ് 400 പൗണ്ടില്‍ നിന്നും 624 പൗണ്ട് ആയി ഉയര്‍ത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പ്രകടന പത്രികയില്‍ പറഞ്ഞത് പോലെ കുട്ടികള്‍ക്ക് കിഴിവ് നല്‍കിക്കൊണ്ട് ഇമിഗ്രേഷന്‍ ഹെല്‍ത്ത് ചാര്‍ജ്ജ് ഉയര്‍ത്തും. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി 470 പൗണ്ടാണ് ഇനി മുതല്‍ ഫീസ് നല്‍കേണ്ടത്. അതേസമയം വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ് 300 പൗണ്ടില്‍ നിന്നും 470 പൗണ്ടായി ഉയര്‍ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി 2019 ഡിസംബറിലെ പൊതു തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ ഫീസുകള്‍ വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം തന്നെ പ്രാബല്യത്തില്‍ വരുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാരുടെ യുകെയിലെ സംഘടനയായ ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ അടക്കമുള്ളവര്‍ ഫീസ് വര്‍ധനവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്‍എച്ച്‌എസിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നത് ഇന്ത്യയില്‍ നിന്നും പ്രൊഫഷണലുകളെ കൊണ്ട് വരാനാണ് ബാപ്പിയോ പദ്ധതിയിടുന്നത്.

പുതിയ ഫീസ് നിരക്ക് ഈ നീക്കത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച്‌ യുകെ ആഭ്യന്തര മന്ത്രാലയത്തെ അവര്‍ സമീപിച്ചു. 2015 ഏപ്രിലിലാണ് യുകെയില്‍ ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ്ജ് അവതരിപ്പിക്കുന്നത്. 2018 ഡിസംബര്‍ മുതല്‍ ഇത് പ്രതിവര്‍ഷം 200 പൗണ്ടില്‍ നിന്ന് 400 പൗണ്ടായി ഉയര്‍ത്തി. ജോലി, പഠനം അല്ലെങ്കില്‍ ഫാമിലി വിസ എന്നിവയ്ക്കായി യുകെയില്‍ ആറ് മാസത്തിലധികം ചെലവഴിക്കുന്നവര്‍ക്ക് ഫീസ് ബാധകമാണ്. എന്‍എച്ച്‌എസിനായി അധിക ഫണ്ട് സ്വരൂപിക്കുന്നതിനാണ് ഇത്തരത്തിലൊരു നീക്കം.

Related News