Loading ...

Home International

കടന്ന് പോയത് ചരിത്രത്തിലെ ചൂടേറിയ വര്‍ഷങ്ങളില്‍ ഒന്ന്, കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യുന്നതില്‍നിന്നും ലോകം വ്യതിചലിക്കുന്നെന്ന് യുഎന്‍

കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യുന്നതില്‍നിന്നും ലോകം വ്യതിചലിക്കുന്നുവെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍. 2019-ലെ ആഗോള കാലാവസ്ഥയെക്കുറിച്ച്‌ യു.എന്‍ നടത്തിയ വിലയിരുത്തലുകളെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപ നിലയും, പട്ടിണിയും, വെള്ളപ്പൊക്കവും, പലായനവും കണ്ട വര്‍ഷമാണ്‌ കടന്നു പോയതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കൊറോണ വൈറസിനേക്കാള്‍ വലിയ ഭീഷണിയാണ് ലോകം നേരിടുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. അതിനാല്‍ കാലാവസ്ഥാ സംരക്ഷണത്തിനായുള്ള നടപടികളില്‍നിന്ന് ലോക രാഷ്ട്രങ്ങള്‍ വ്യതിച്ചലിക്കരുതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. യുഎന്നിന്റെ ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഎംഒ) ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മറ്റു വിവിധ യു.എന്‍ ഏജന്‍സികളും ആവശ്യമായ വിവരങ്ങള്‍ കൈമാറി.

സമുദ്രങ്ങള്‍ ഏറ്റവും കൂടുതല്‍ ചൂടേറിയ വര്‍ഷമാണ്‌ 2019. കുറഞ്ഞത് 84% സമുദ്രങ്ങളിലെങ്കിലും ഒന്നോ അതിലധികമോ ഉഷ്ണതരംഗങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. 2016-നുശേഷം എല്‍-നിനോ ജലപ്രവാഹം കൂടുതല്‍ ശക്തമായതോടെ ലോകമെമ്പാടുമുള്ള ഉപരിതല താപനിലയും സര്‍വ്വകാല റെക്കോര്‍ഡിലെത്തി. തുടര്‍ച്ചയായ 32-ാം വര്‍ഷവും ഹിമാനികള്‍ ഉരുകുന്നത് കൂടിവരുന്നു. മഞ്ഞുമലകള്‍ ഉരുകുന്നതും ഉപരിതല താപനില വര്‍ധിക്കുന്നതും സമുദ്രനിരപ്പിനെ ഏറ്റവും ഉയര്‍ന്ന നിരയിലേക്ക് ഉയര്‍ത്തി. ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുമലകള്‍ ഉരുകുന്നത് അനിയന്ത്രിതമായി തുടരുകയാണ്. 'കാലാവസ്ഥാ വ്യതിയാനമാണ് ഇന്നുനാം നേരിടുന്ന പ്രധാന വെല്ലുവിളി. പാരീസ് കരാര്‍ പറയുന്നതനുസരിച്ചുള്ള ആഗോള താപ നില 1.5 അല്ലെങ്കില്‍ 2 സെന്റിഗ്രേഡ്‌ കുറയ്ക്കുന്നതില്‍നിന്നും നാം വ്യതിചലിച്ചിരിക്കുന്നു' എന്ന് ഗുട്ടെറസ് പറഞ്ഞു. കാലാവസ്ഥാ തകര്‍ച്ചയുടെ ഏറ്റവും മോശമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിനും മനുഷ്യകുലത്തെ രക്ഷിക്കുന്നതിനുമുള്ള സമയമാണ് അതിവേഗം കഴിഞ്ഞു പോകുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നവംബറില്‍ യുകെയിലെ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കോപ് 26 എന്ന കാലാവസ്ഥാ സമ്മേളനത്തില്‍ കൂടുതല്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും ഗുട്ടെറസ് സൂചിപ്പിച്ചു.


Related News