Loading ...

Home Kerala

കൊറോണ: സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 14പേര്‍ക്ക്

തിരുവനന്തപുരം: എട്ടുപേര്‍ക്കുകൂടി പുതുതായി കൊറോണ വൈറസ് (കോവിഡ്-19) സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതിജാഗ്രത പ്രഖ്യാപിച്ചു. മാര്‍ച്ച്‌ 31 വരെ അങ്കണവാടികള്‍മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും.

ഉത്സവങ്ങളും മതചടങ്ങുകളുമടക്കം ജനങ്ങള്‍ ഒത്തുകൂടുന്ന എല്ലാ പൊതുപരിപാടികളും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. വിവാഹങ്ങള്‍ വളരെ ചുരുങ്ങിയ രീതിയില്‍മാത്രം നടത്തണം. അധികം ആളുകളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കണം. മന്ത്രിമാര്‍ പങ്കെടുക്കുന്നതടക്കം സര്‍ക്കാരിന്റെ എല്ലാ പൊതുപരിപാടികളും മാറ്റി. പ്രത്യേക മന്ത്രിസഭായോഗമാണ് മുന്‍കരുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

ഇറ്റലിയില്‍നിന്ന് റാന്നിയിലെത്തിയവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേര്‍ക്കുകൂടി ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ചു. റാന്നി സ്വദേശിയുടെ മാതാപിതാക്കള്‍, അവരെ വിമാനത്താവളത്തില്‍നിന്ന് കൊണ്ടുവരാന്‍ പോയവര്‍, അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റുരണ്ടുപേര്‍ എന്നിവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കൊച്ചിയില്‍ ചികിത്സയിലുള്ള മൂന്നുവയസ്സുകാരന്റെ മാതാപിതാക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 14 ആയി.

അതിഗുരുതരം- സ്ഥിതി അതിഗുരുതരമാണ്. രോഗികളുടെ എണ്ണം ഉയരുകയാണ്. അടുത്തദിവസങ്ങളില്‍ കൂടുതല്‍പേര്‍ക്ക് രോഗം പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട് -െക.കെ. ശൈലജ, ആരോഗ്യമന്ത്രി

ഏഴാംക്ളാസ്‌വരെ പരീക്ഷയില്ല

* ഏഴുവരെയുള്ള ക്ലാസുകളില്‍ ഇക്കൊല്ലം വാര്‍ഷികപരീക്ഷ ഉണ്ടാവില്ല.

* എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കും എട്ട്, ഒമ്പത്‌ ക്ലാസുകളിലെ പരീക്ഷകള്‍ക്കും മാറ്റമില്ല.

* സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വിദ്യാലയങ്ങള്‍ക്കും അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും മാര്‍ച്ച്‌ 31 വരെ അവധി.

* ട്യൂഷന്‍ ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, അവധിക്കാല ക്ലാസുകള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കണം

* മദ്രസകള്‍, അങ്കണവാടികള്‍ എന്നിവയും അടച്ചിടണം.

* പരീക്ഷയൊഴികെ ഒരുതരം പഠനപ്രവര്‍ത്തനവും നടത്താന്‍പാടില്ല

* മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല

* മാഹിയിലും ഏഴാംക്ളാസുവരെ അവധി

* കേരള കേന്ദ്ര സര്‍വകലാശാലയില്‍ മാര്‍ച്ച്‌ 22 വരെ ക്ലാസില്ല

പി.എസ്.സി. പരീക്ഷ മാറ്റി

മാര്‍ച്ച്‌ 20 വരെ നടത്താന്‍ നിശ്ചയിച്ച ഒ.എം.ആര്‍., ഡിക്റ്റേഷന്‍ പരീക്ഷകള്‍, പ്രമാണ പരിശോധന, സര്‍വീസ് പരിശോധന എന്നിവ മാറ്റി. എന്നാല്‍, മുന്‍നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല

*ഡ്രൈവിങ് ടെസ്റ്റിന് നിയന്ത്രണം

അടുത്ത ബുധനാഴ്ചവരെ ലേണേഴ്‌സ് ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ് എന്നിവയ്ക്ക് നിയന്ത്രണം

പഞ്ചിങ് വേണ്ട

സെക്രട്ടേറിയറ്റിലെയും സര്‍ക്കാര്‍ ഓഫീസുകളിലെയും പൊതുമേഖലാസ്ഥാപനങ്ങളിലെയും ബയോമെട്രിക് പഞ്ചിങ് നിര്‍ത്തിച്ചു. സ്വകാര്യ സ്‌കൂളുകളും പഞ്ചിങ് നിര്‍ത്തണം.

തിയേറ്ററുകള്‍ അടച്ചിടും

സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ 31വരെ അടച്ചിടും.

ശബരിമല, ഗുരുവായൂര്‍

* സാമൂഹികസുരക്ഷയെക്കരുതി ഭക്തര്‍ ക്ഷേത്രദര്‍ശനത്തിന് എത്തരുതെന്ന് ദേവസ്വം പ്രസിഡന്റ് എന്‍. വാസു. മാസപൂജാദര്‍ശനം മറ്റൊരവസരത്തിലേക്ക് മാറ്റണം. ദര്‍ശനത്തിനെത്തുന്നവരെ തടയില്ല.

* ഗുരുവായൂര്‍ ഉത്സവം ആഘോഷങ്ങള്‍ ഒഴിവാക്കി ക്ഷേത്രച്ചടങ്ങുകള്‍ മാത്രമാക്കി

നിയമസഭയില്‍ സന്ദര്‍ശകവിലക്ക്

ബുധനാഴ്ചമുതല്‍ നിയമസഭയില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. സമ്മേളനം നിര്‍ത്തിവെക്കണോയെന്ന് പിന്നീട് തീരുമാനിക്കും.

വിദേശത്തുനിന്നെത്തിയാല്‍

ചൈന, ഹോങ്‌ കോങ്, തായ്‌ലാന്‍ഡ്, സിങ്കപ്പൂര്‍, ജപ്പാന്‍, ദക്ഷിണകൊറിയ, വിയറ്റ്‌നാം, നേപ്പാള്‍, ഇന്‍ഡൊനീഷ്യ, മലേഷ്യ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍നിന്ന് വരുന്നവര്‍ 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. ഫെബ്രുവരി 10 മുതല്‍ ഈരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവരും ഈ നിര്‍ദേശം പാലിക്കണം.

സംശയത്തിന് വിളിക്കാം

0471 2309250

0471 2309251

0471 2309252

ദിശ

0471 2552056















Related News