Loading ...

Home cinema

ആനക്കൊമ്പില്‍ തൂങ്ങി പുലിവാല്‍ പിടിച്ച് ഫഹദ്

ജയനെ അനുകരിച്ച് ആനയുടെ കൊമ്പില്‍ തൂങ്ങി അഭ്യാസ പ്രകടനം നടത്തി നടന്‍ ഫഹദ് ഫാസില്‍ പുലിവാല് പിടിച്ചു. ആനയുടെ കൊമ്പില്‍ തൂങ്ങുന്നത് കടുത്ത അപരാധമാണെന്നും ഫഹദിനു തക്കതായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് മൃഗസ്‌നേഹികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഫഹദ് സുപ്രീം കോടതി വിധിയുടെ പരസ്യലംഘനം നടത്തിയെന്നും അദ്ദേഹത്തെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗം എം.എന്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രിയനടന്റെ അഭ്യാസപ്രകടനം ആരാധകര്‍ അനുകരിച്ച് അപകടമുണ്ടായാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. മൃഗങ്ങളോടുള്ള ക്രൂരത തടയുവാനായി 1960ല്‍ നിലവില്‍ വന്ന നിയമപ്രകാരം ആനയുടെ കൊമ്പില്‍ തൂങ്ങി അഭ്യാസപ്രകടനം നടത്തുന്നത് കുറ്റകരമാണെന്ന് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി. കെ വെങ്കിടാചലവും വ്യക്തമാക്കി. ഫഹദിന്റെ ഭാഗത്ത് നിന്നുണ്ടായ നിയമലംഘനം ഗൗരവമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആനക്കൊമ്പില്‍ തൂങ്ങിയുള്ള ഫഹദിന്റെ അഭ്യാസത്തിന്റെ ദൃശ്യങ്ങള്‍ തിങ്കളാഴ്ച്ച രാത്രിയാണ് ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു പ്രമുഖ സിനിമാ പോര്‍ട്ടലാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ‘ഫഹദിന്റെ ധൈര്യം’ എന്ന തലക്കെട്ടോടെ വീഡിയോ പുറത്തുവിട്ടത്. കൊമ്പില്‍ തൂങ്ങിയ ഫഹദിനെ ആന മൂന്നുനാലു തവണ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് 21 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. തൊട്ടടുത്തായി പാപ്പാന്‍ നില്‍ക്കുന്നതും കാണാം. യാതൊരു സുരക്ഷാ മുന്‍കരുതലും ഇല്ലാതെയാണ് ഫഹദിന്റെ അഭ്യാസ പ്രകടനം. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെടുത്ത വീഡിയോ ആണിതെന്നു പറയപ്പെടുന്നു. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഒരു ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടു. രണ്ടായിരത്തിലധികം ലൈക്കും ആയിരത്തിലധികം ഷെയറുമാണ് നടന്റെ സാഹസികപ്രകടനത്തിനു ലഭിച്ചതും. എന്നാല്‍ അധികം താമസിയാതെ തന്നെ ഫഹദിനെതിരെ പ്രതിഷേധവുമായി നെറ്റിസണ്‍സും മൃഗസ്‌നേഹികളും രംഗത്തുവരികയായിരുന്നു.

Related News