Loading ...

Home Kerala

സ്‌കൂള്‍ വിദ്യാഭ്യാസം ഫിന്‍ലന്‍ഡ് മാതൃകയിലാക്കാന്‍ ആലോചന; ക്ലാസ് രാവിലെ എട്ടുമുതല്‍ രണ്ടുവരെ

തിരുവനന്തപുരം: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഫിന്‍ലന്‍ഡ് മാതൃക അനുകരിക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്. പാഠ്യപദ്ധതിയിലും അനുബന്ധപ്രവര്‍ത്തനങ്ങളിലുമുള്ള മാതൃകകള്‍ സ്വീകരിക്കാനാണ് ആലോചന. ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കി സര്‍വകലാശാല ഇതുസംബന്ധിച്ച നിര്‍ദേശവുമായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ലോകത്തെ നല്ലവിദ്യാഭ്യാസ മാതൃകകള്‍ പകര്‍ത്തണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നീക്കം. മുഴുവന്‍ കുട്ടികളെയും വിദ്യാലയങ്ങളിലെത്തിക്കുന്നതില്‍ കേരളം മുന്നിലാണെന്ന് 2016-17ലെ നീതി ആയോഗ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. നിലവാരത്തിന്റെ കാര്യത്തില്‍ കേരളം പിന്നാക്കം പോകുന്നതിന്റെ സൂചനകളാണുള്ളത്. ഭരണ, അധ്യാപന പരിചയം ഇല്ലാതെ സ്ഥാനക്കയറ്റം അടക്കമുള്ള കാര്യങ്ങളാണ് വിമര്‍ശിക്കപ്പെട്ടത്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഫിന്‍ലന്‍ഡ് വിദ്യാഭ്യാസരീതി പരിഹാരം നിര്‍ദേശിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. വിദ്യാര്‍ഥികള്‍ക്ക് ഓരോ ക്ലാസിലും നിശ്ചയിച്ചിട്ടുള്ള ശേഷിയും ധാരണയും നല്‍കി ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയെന്ന അടിസ്ഥാന ലക്ഷ്യം കൈവരിക്കുന്നതില്‍ വിജയിച്ച രാജ്യമാണ് ഫിന്‍ലന്‍ഡ്. കുട്ടികളുടെയും രക്ഷാകര്‍ത്താക്കളുടെയും ശുപാര്‍ശകൂടി കണക്കിലെടുത്താണ് ഫിന്‍ലന്‍ഡിലെ അധ്യാപക സ്ഥാനക്കയറ്റം. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന അധ്യാപകര്‍ ക്ലാസ് റൂം പഠനത്തിനൊപ്പം വിദ്യാര്‍ഥികളുടെ സര്‍വതോന്മുഖ വികസനത്തിന് ഒപ്പമുണ്ടാകും. ഇക്കാര്യം സര്‍ക്കാരും ഉറപ്പാക്കുന്നുണ്ട്. എല്ലാ വിദ്യാര്‍ഥികളുടെയും പഠനവും കഴിവും ഉറപ്പിച്ചുമാത്രമേ മുന്നോട്ടുപോകാനാകു.

ഫിന്‍ലന്‍ഡ് മാതൃക ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നത് ഏഴാം വയസ്സില്‍. 16 വയസ്സുവരെയാണ് സ്‌കൂള്‍ കാലം. ആറാം വയസ്സിലാണ് പ്രീ സ്‌കൂള്‍ ആരംഭിക്കുക. ഇതില്‍ 95 ശതമാനവും ചെലവഴിക്കുന്നത് ക്ലാസിനുപുറത്ത്. ഫോറസ്റ്റ് സ്‌കൂള്‍ എന്ന സങ്കല്പത്തിലുള്ള കളിരീതിയിലുള്ള പഠനത്തിലൂടെ കുട്ടികള്‍ പ്രകൃതിയെ അനുഭവിച്ച്‌ അടുത്തറിയുന്നു. ആറുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേകവിദ്യാഭ്യാസ പരിപാലനം. ക്ലാസ് രാവിലെ എട്ടിനോ എട്ടരയ്ക്കോ ആരംഭിച്ച്‌ രണ്ടുമണിയോടെ അവസാനിക്കും. ദിവസം മൂന്നോ നാലോ മണിക്കൂര്‍മാത്രമാണ് അധ്യാപനം. പാഠ്യേതര, പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം. വിദ്യാര്‍ഥി കേന്ദ്രീകൃതമായ പഠനരീതിയില്‍ അധ്യാപകരുമായുള്ള ആശയവിനിമയത്തിനൊപ്പം സ്വയം പഠനത്തിന് വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നു. വിശദമായ പദ്ധതി നിര്‍ദേശം കാക്കുന്നു ഫിന്‍ലന്‍ഡ് വിദ്യാഭ്യാസരീതി സംബന്ധിച്ച ഹെല്‍സിങ്കി സര്‍വകലാശാല പ്രതിനിധികളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. വിശദമായ പദ്ധതി നിര്‍ദേശം സമര്‍പ്പിക്കാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. ഈ മാസംതന്നെ അവര്‍ വീണ്ടും എത്തുമെന്നാണ് അറിയിച്ചിരുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ നീട്ടിവച്ചേക്കാം.


Related News