Loading ...

Home International

താലിബാനുമായുള്ള സമാധാന കരാര്‍ നടപ്പാകുന്നു, അഫ്ഗാനില്‍ നിന്നും യുഎസ് സൈന്യം പിന്‍മാറ്റം തുടങ്ങി

സായുധ സംഘടനയായ താലിബാനുമായി സമാധാന കരാര്‍ പ്രകാരം അഫ്ഗാനില്‍ നിന്നും യുഎസ് സൈന്യത്തെ പിന്‍വലിച്ച്‌ തുടങ്ങി. അഫ്ഗാനിസ്ഥാനില്‍ സമാധാനം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താലിബാനുമായുള്ള കരാറിന്റെ ഭാഗമായി യുഎസ് നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറാവുന്നത്. കരാര്‍ ഒപ്പിട്ട് അടുത്ത 135 ദിവസത്തിനുള്ളില്‍ സൈനികരുടെ എണ്ണം ഏകദേശം 12,000 ല്‍ നിന്ന് 8,600 ആയി കുറയ്ക്കാമെന്ന്‌ യുഎസ് സമ്മതിച്ചു. ഫെബ്രുവരി 29 ന് യുഎസും താലിബാനും ഒപ്പുവച്ച ചരിത്രപരമായ സമാധാന കരാറിലെ പ്രധാന വ്യവസ്ഥയായിരുന്നു സൈനികരെ പിന്വലിക്കുകയെന്നത്. അതേസമയം, കരാറിന്റെ ഭാഗമായ തടവുകാരുടെ കൈമാറ്റം അംഗീകരിക്കില്ലെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി തുടക്കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം ആ നിലപാടില്‍ നിന്നു പിന്നോട്ടു പോവുകയും 1,000 താലിബാന്‍ തടവുകാരെ ഈ ആഴ്ച മോചിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹെല്‍മണ്ട് പ്രവിശ്യയില്‍ അഫ്ഗാന്‍ സേനയെ ആക്രമിച്ച താലിബാന്‍ പോരാളികള്‍ക്ക് മറുപടിയായി യുഎസ് വ്യോമാക്രമണം നടത്തിയതോടെ കഴിഞ്ഞയാഴ്ചതന്നെ സമാധാന കരാര്‍ ദുര്‍ബലമായതായിരുന്നു. എന്നാല്‍ താലിബാന്‍ തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് യുഎസ് സേനയുടെ വക്താവ് കേണല്‍ സോണി ലെഗെറ്റ് അമേരിക്കന്‍ പിന്മാറ്റത്തിന്റെ ആദ്യ ഘട്ടം പ്രഖ്യാപിച്ചത്.

സൈന്യത്തെ പിന്‍ വലിച്ചാലും 'ഞങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള എല്ലാ സൈനിക മാര്‍ഗങ്ങളും അധികാരങ്ങളും' തുടര്‍ന്നും ഉപയോഗപ്പെടുത്തുമെന്നും ലെഗെറ്റ് വ്യക്തമാക്കി. താലിബാന്‍ കരാര്‍ പൂര്‍ണ്ണമായും അംഗീകരിച്ചാല്‍ 14 മാസത്തിനുള്ളില്‍ എല്ലാ സൈനികരെയും പിന്‍വലിക്കുമെന്ന് യുഎസും നാറ്റോ സഖ്യകക്ഷികളും സമ്മതിച്ചിട്ടുണ്ട്. കരാറിലെ വ്യവസ്ഥ അനുസരിച്ച്‌ താലിബാന്‍ ആക്രമണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും, അല്‍-ക്വൊയ്ദയെയോ മറ്റേതെങ്കിലും തീവ്രവാദ ഗ്രൂപ്പിനെയോ അവര്‍ നിയന്ത്രിക്കുന്ന പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യണം.

Related News