Loading ...

Home Kerala

ആദ്യ ദിനം 1700 പക്ഷികളെ കൊന്നു, ഉടമസ്ഥര്‍ക്കു നഷ്ടപരിഹാരം നല്‍കും

കോഴിക്കോട്: ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊന്നൊടുക്കുന്ന വളര്‍ത്തുപക്ഷികളുടെ ഉടമസ്ഥര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച വേങ്ങേരിയിലെയും വെസ്റ്റ് കൊടിയത്തൂരിലെയും രോഗബാധിത പ്രദേശങ്ങളിലുള്ള 1700 പക്ഷികളെ പക്ഷിപ്പനി ദ്രുതകര്‍മ്മസേന കൊന്നു. അവയെ പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളില്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗബാധിത പ്രദേശത്തെ കോഴി, താറാവ്, ഓമനപ്പക്ഷികള്‍ തുടങ്ങിയവയെയാണ് കൊന്നൊടുക്കിയത്. ഇവയുടെ തീറ്റ, മുട്ട, കാഷ്ഠം എന്നിവയും ശേഖരിച്ച്‌ തീയിട്ട് നശിപ്പിച്ചു. വാര്‍ഡുകള്‍ തോറും ദ്രുതകര്‍മ്മസേനയെ വിന്യസിച്ചാണ് ശേഖരണം നടത്തിയത്. ദൗത്യം ഇന്നും തുടരുകയാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ സാംബശിവ റാവു, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എം.കെ.പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. വേങ്ങേരിയിലയും വെസ്റ്റ് കൊടിയത്തൂരിലെയും സൂക്ഷ്മനിരീക്ഷണ പ്രദേശങ്ങളിലും കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലും മാംസ വ്യാപാരം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.

Related News