Loading ...

Home Europe

കൊറോണ ; ഒന്നരക്കോടി ജനങ്ങളെ ലോക്ക് ചെയ്ത് ഇറ്റലി

റോം : കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നത് തടയാന്‍ 1.6 കോടി ജനങ്ങള്‍ക്ക് സഞ്ചാര വിലക്ക് പ്രഖ്യാപിച്ച്‌ ഇറ്റലി. അടിയന്തിര സാഹചര്യമാണെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസപ്പോ കോണ്ടെ ആവശ്യപ്പെട്ടു. വെളുപ്പിന് രണ്ട് മണിക്ക് നടന്ന അടിയന്തിര ഉന്നത തല യോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം. മൊത്തം ജനസംഖ്യയുടെ നാലിലൊന്നാണ് അക്ഷരാര്‍ത്ഥത്തില്‍ തടങ്കലിലായത്. ചൈനയ്ക്ക് ശേഷം കൊറോണ ഗുരുതരമായി ബാധിച്ച രാജ്യമാണ് ഇറ്റലി. ആറായിരത്തോളം പേര്‍ക്ക് ഇറ്റലിയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ മുന്നൂറിലധികം പേര്‍ മരിച്ചു. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. ഇറ്റലിയുടെ വ്യാവസായിക കേന്ദ്രമായ വടക്കന്‍ പ്രവിശ്യയാണ് ഇപ്പോള്‍ അടച്ചിട്ട നിലയിലായത്. ഇത് ഇറ്റലിയുടെ സമ്പദ് വ്യവസ്ഥയെ കാര്യമായി തന്നെ ബാധിക്കും. എങ്കിലും കൊറോണ വൈറസ് വ്യാപനത്തെ തടയുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. പ്രദേശത്ത് നിന്ന് പുറത്തു പോകേണ്ടവര്‍ പ്രത്യേക അനുമതി വാങ്ങേണ്ടി വരും. വൈറസ് വ്യാപനം തടയുന്നതില്‍ ജനങ്ങള്‍ ഉത്തരവാദിത്വ ബോധത്തോടെ പെരുമാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Related News