Loading ...

Home celebrity

ഇതിഹാസതുല്യ ജീവിതം by അഡ്വ. പി സതീദേവി

ക്യാപ്റ്റന്‍ ലക്ഷ്മിയുടെ സംഭവബഹുലമായ ജീവിതത്തിന് തിരശ്ശീലവീണിട്ട് നാലുവര്‍ഷമാകുന്നു. ആ ശരീരം ഇന്നും കാണ്‍പുരിലെ മെഡിക്കല്‍വിദ്യാര്‍ഥികളുടെ പഠനമേശയിലുണ്ട്. ക്യാപ്റ്റന്റെ നേത്രപടലങ്ങള്‍ ഹര്‍ദോയ് ജില്ലയിലെ ബബ്ളിക്കും കാണ്‍പുരിലെ രാംപ്യാരിക്കും വെളിച്ചമായി. ഇതിഹാസതുല്യമായ ഒരു ജീവിതം– അതാണ് ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍. ധന്യമായ ആ ജീവിതത്തെ അനുസ്മരിക്കുമ്പോള്‍ ഈ കാലഘട്ടത്തില്‍ നാം ഏറ്റെടുക്കേണ്ട കടമകള്‍ ഏറെയാണ്. വര്‍ഗീയത പത്തിവിടര്‍ത്തിയാടി നമ്മുടെ ജീവിതത്തെതന്നെ വിഷമയമാക്കുമ്പോള്‍ മതനിരപേക്ഷതയുടെ മഹത്തായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ക്യാപ്റ്റന്‍ ലക്ഷ്മി കാട്ടിയ മാതൃക നമുക്ക് മാര്‍ഗദീപമാകേണ്ടതുണ്ട്.

സമൂഹത്തില്‍ നടമാടിയ എല്ലാ തിന്മകളോടും പടവെട്ടിയാണ് ക്യാപ്റ്റന്റെ ജീവിതം തുടങ്ങിയതുതന്നെ. പാലക്കാട് ജില്ലയിലെ ആനക്കരഗ്രാമത്തില്‍ സമ്പന്നമായ വടക്കത്ത് തറവാട്ടില്‍ അമ്മുക്കുട്ടിയുടെയും മദ്രാസ് ഹൈക്കോടതിയിലെ പ്രഗത്ഭനായ അഭിഭാഷകന്‍ ഡോ. സ്വാമിനാഥന്റെയും മകളായി 1914ല്‍ ജനിച്ച ലക്ഷ്മിയുടെ കുഞ്ഞുമനസ്സിനെ പാകപ്പെടുത്തിയത് സ്വാതന്ത്യ്രസമരപോരാട്ടങ്ങള്‍തന്നെയായിരുന്നു. സ്വാതന്ത്യ്രത്തോടുള്ള അഭിവാഞ്ഛ ഉണര്‍ത്താനുള്ള കുടുംബപശ്ചാത്തലമായിരുന്നു അവരുടേത്. ഗാന്ധിശിഷ്യയും സ്വാതന്ത്യ്രസമരസേനാനിയുമായിരുന്നു അമ്മു സ്വാമിനാഥന്‍. 1934 മുതല്‍ '39വരെ മദ്രാസ് നിയമസഭാംഗമായിരുന്നു അവര്‍. 1942ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിക്കുകയും ജയില്‍വാസമനുഷ്ഠിക്കുകയും ചെയ്ത ധീരയായ ആ അമ്മയുടെ പ്രവര്‍ത്തനം കുഞ്ഞുന്നാളില്‍ത്തന്നെ ലക്ഷ്മിയെ സ്വാധീനിച്ചു. ഇളയമ്മ എ വി കുട്ടിമാളുഅമ്മ കോണ്‍ഗ്രസ് നേതാവ് കോഴിപ്പുറത്ത് മാധവമേനോന്റെ പത്നിയും കെപിസിസി പ്രസിഡന്റുമായിരുന്നു.

മദ്രാസിലായിരുന്നു ലക്ഷ്മിയുടെ ബാല്യകാലം. മദ്രാസിലെ ആംഗ്ളോ ഇന്ത്യന്‍ സ്കൂളിലും തുടര്‍ന്ന് മദ്രാസ് ക്യൂന്‍മേരീസ് കോളേജിലും പഠിച്ച ലക്ഷ്മി മദ്രാസ് മെഡിക്കല്‍കോളേജില്‍നിന്ന് മെഡിക്കല്‍ ബിരുദവും നേടി. ലക്ഷ്മിയുടെ കുട്ടിക്കാലത്തെ ആനക്കരഗ്രാമം ജാതിചിന്തകളില്‍ മുഖരിതമായിരുന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തിവാണ കാലം. വടക്കത്ത് തറവാട്ടിലെ ആശ്രിതരായി പണിയെടുക്കുന്നവരുടെ ജീവിതദുരിതങ്ങള്‍ തൊട്ടറിയാന്‍ അവര്‍ക്ക് കഴിഞ്ഞു. കീഴ്ജാതിക്കാരെ തൊട്ടാല്‍ കണ്ണുപൊട്ടിപ്പോകുമെന്ന അമ്മൂമ്മയുടെ മുന്നറിയിപ്പ് വകവയ്ക്കാതെ അടിയാളന്റെ വീട്ടിലെ കുട്ടിയുടെ കൈപിടിച്ച് "എന്റെ കണ്ണ് പൊട്ടിയിട്ടില്ലല്ലോ'' എന്ന് വിളിച്ചുപറയാന്‍ കുഞ്ഞുലക്ഷ്മി ധൈര്യംകാട്ടി.

മദ്രാസ് ക്യൂന്‍മേരീസ് കോളേജില്‍ പഠിക്കുമ്പോള്‍ സ്വാതന്ത്യ്രസമരപ്രസ്ഥാനവുമായുള്ള ലക്ഷ്മിയുടെ ഇടപെടല്‍ വര്‍ധിച്ചു. ഭാരതത്തിന്റെ തെക്കേ അറ്റത്ത് നടന്ന സ്വാതന്ത്യ്രസമരപോരാട്ടങ്ങള്‍ അവര്‍ ആവേശപൂര്‍വം നോക്കിക്കണ്ടു. സ്വാതന്ത്യ്രസമരത്തോടൊപ്പം വളര്‍ന്ന സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കി. 1920കളിലെ ക്ഷേത്രപ്രവേശനത്തിനുള്ള സമരങ്ങളും ശൈശവവിവാഹങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന ചര്‍ച്ചകളുമെല്ലാം അവരുടെ ബാല്യകാലചിന്തകളെ സ്വാധീനിച്ചു. സിംഗപ്പുരിലാണ് അവര്‍ മെഡിക്കല്‍ പ്രാക്ടീസ് നടത്തിയത്. റഷ്യന്‍ വിപ്ളവത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും ഇന്ത്യയില്‍ ഉയര്‍ന്നുവന്ന ആശയസംവാദങ്ങള്‍ അവരെ കമ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് നയിച്ചു.

1928ല്‍ സുഭാഷ്ചന്ദ്രബോസിന്റെ പ്രസംഗം കേള്‍ക്കാനിടയായ ലക്ഷ്മിയുടെ മനസ്സില്‍ നേതാജിയോടുള്ള ആദരവ് ഉടലെടുത്തു. സിംഗപ്പുരിലെത്തിയ ലക്ഷ്മിക്ക് നേതാജിയുമായി പരിചയപ്പെടാന്‍ അവസരം ലഭിച്ചു. ഇതിനിടയില്‍ നേതാജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപംകൊണ്ടിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ കീഴടക്കി ജപ്പാന്‍ സ്വാതന്ത്യ്രപ്രഖ്യാപനം നടത്തിയ കാലഘട്ടമായിരുന്നു അത്. അപ്പോഴാണ് സുഭാഷ്ചന്ദ്രബോസിനെ തടവിലാക്കിയതും അദ്ദേഹം അവിടെനിന്ന് രക്ഷപ്പെട്ടതും. സുഭാഷ്ചന്ദ്രബോസ് സിംഗപ്പുരിലെത്തുമ്പോള്‍ ഐഎന്‍എയില്‍ പുരുഷന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീകളില്ലാത്ത ഒരു സ്വാതന്ത്യ്രസമരപ്രസ്ഥാനത്തെക്കുറിച്ച് തനിക്ക് ആലോചിക്കാനാകില്ല എന്ന് അദ്ദേഹം പറഞ്ഞു. സിംഗപ്പുരില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്ത ലക്ഷ്മി ഐഎന്‍എയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയാവുകയും നേതാജിയുടെ നിര്‍ദേശപ്രകാരം സ്ത്രീകളുടെ ഒരു റജിമെന്റ് രൂപീകരിക്കുകയുംചെയ്തു.

വളരെ ക്ളേശകരവും ഏറെ അപകടംനിറഞ്ഞതുമായ ആ ദൌത്യം അവര്‍ ഒരു കൈയില്‍ സ്റ്റെതസ്കോപ്പും മറുകൈയില്‍ തോക്കുമേന്തി ഭംഗിയായി നിര്‍വഹിച്ചു. രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി പോരാടാന്‍ സന്നദ്ധരായ അഞ്ഞൂറില്‍പ്പരം സ്ത്രീകളെ അവര്‍ സംഘടിപ്പിച്ചു. ഐഎന്‍എയുടെ സൈനികരുടെ പരിശീലനത്തിലായിരുന്നു റാണി ഝാന്‍സി റജിമെന്റ് പ്രവര്‍ത്തിച്ചത്. "നമുക്ക് ബ്രിട്ടീഷുകാരെ തോല്‍പ്പിച്ചാല്‍മാത്രം പോരാ. കടുത്ത ലിംഗ അസമത്വവും അനീതിയും നിലനില്‍ക്കുന്ന ഇന്ത്യയിലെ സാമൂഹ്യവ്യവസ്ഥയെയും പരാജയപ്പെടുത്തേണ്ടതുണ്ട്'' എന്നായിരുന്നു നേതാജിയുടെ വാക്കുകള്‍.1944 ജൂണ്‍മുതല്‍ 1945 മാര്‍ച്ചുവരെയായിരുന്നു ഐഎന്‍എയുടെ പ്രവര്‍ത്തനം ബര്‍മയില്‍ ഉണ്ടായിരുന്നത്. ഇതിനിടയില്‍ ക്യാപ്റ്റന്‍ ലക്ഷ്മി ബര്‍മയില്‍ വീട്ടുതടങ്കലിലായി.

1945 മാര്‍ച്ചില്‍ ബര്‍മീസ് സേനാംഗങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു. സിംഗപ്പുരില്‍വച്ച് സ്ത്രീകളെയെല്ലാം വീടുകളിലേക്ക് തിരിച്ചയച്ചു. 1945 ആഗസ്തില്‍ ടോക്യോവിലേക്കുള്ള യാത്രയ്ക്കിടെ വിമാനാപകടത്തില്‍ നേതാജി മരണപ്പെട്ടെന്ന വാര്‍ത്ത വന്നു. 1946 മാര്‍ച്ചിലാണ് ക്യാപ്റ്റന്‍ ലക്ഷ്മിയെ ഇന്ത്യയില്‍ തിരിച്ചയക്കുന്നത്. 1947 ആഗസ്തില്‍ രാജ്യം സ്വതന്ത്രമായെങ്കിലും ലക്ഷ്മിക്കും ഐഎന്‍എക്കും അവര്‍ ആഗ്രഹിച്ച സ്വാതന്ത്യ്രമാണ് കൈവരിച്ചത് എന്ന് തോന്നിയില്ല. ഇന്ത്യ–പാകിസ്ഥാന്‍ വിഭജനം അവര്‍ക്ക് കനത്ത ആഘാതമാണുണ്ടാക്കിയത്.

1947 മാര്‍ച്ചില്‍ ഐഎന്‍എയില്‍ ക്യാപ്റ്റനായിരുന്ന കേണല്‍ പ്രേംകുമാര്‍ സൈഗാളുമായി അവരുടെ വിവാഹം നടന്നു. ഇരുവരും ലാഹോറിലേക്കും അവിടെനിന്ന് കാണ്‍പുരിലേക്കും പോയി. കാണ്‍പുരില്‍ അവര്‍ മെഡിക്കല്‍ പ്രാക്ടീസ് ആരംഭിച്ചു. പാകിസ്ഥാനില്‍നിന്ന് അഭയാര്‍ഥികളുടെ പ്രവാഹം തുടങ്ങിയ സമയമായിരുന്നു അത്. അഭയാര്‍ഥികള്‍ക്കിടയില്‍ ലക്ഷ്മി അക്ഷീണം പ്രവര്‍ത്തിച്ചു. ഹിന്ദുക്കളുടെയും മുസ്ളിങ്ങളുടെയും ശുശ്രൂഷ അവര്‍ ഏറ്റെടുത്തു. മതപരമായ ധ്രുവീകരണത്തിന്റെ നാളുകളില്‍ കാണ്‍പുരിലെ പാവപ്പെട്ട മനുഷ്യരെ ശുശ്രൂഷിച്ച് അവരുടെയെല്ലാം മമ്മീജിയായി ലക്ഷ്മി മാറി. സ്വന്തം മക്കളെപ്പോലെ കാണ്‍പുരിലെ മുഴുവനാളുകളെയും കണ്ട വിശാലമനസ്സായിരുന്നു ക്യാപ്റ്റന്റേത്.അധികാരലബ്ധിക്കുശേഷമുള്ള കോണ്‍ഗ്രസിന്റെ സമീപനങ്ങളില്‍ വന്ന മാറ്റം ലക്ഷ്മി നന്നായി വിലയിരുത്തി. തന്റെ മെഡിക്കല്‍ പ്രാക്ടീസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നവാബ് നഗറില്‍ ഡിസ്പന്‍സറി ആരംഭിച്ചു. കാണ്‍പുരിലെ തൊഴിലാളികളുടെയെല്ലാം ആദരവ് നേടിയ അവരുടെ പ്രവര്‍ത്തനം രാജ്യം ശ്രദ്ധിച്ചു. 1970ല്‍ ബംഗ്ളാദേശ് യുദ്ധവും പശ്ചിമബംഗാളിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്കും ലക്ഷ്മിയെ കര്‍മനിരതയാക്കി.

ജ്യോതിബസുവിന്റെ നിര്‍ദേശപ്രകാരം അവര്‍ കല്‍ക്കത്തയിലേക്കും അതിര്‍ത്തിപ്രദേശങ്ങളിലേക്കും മെഡിക്കല്‍സംഘവുമായി പോയി. ഇത് കമ്യൂണിസ്റ്റുപാര്‍ടിയുമായുള്ള അടുപ്പം വര്‍ധിക്കാനും പിന്നീട് പാര്‍ടി അംഗത്വം സ്വീകരിക്കുന്നതിലേക്കും എത്തി.അടിയന്തരാവസ്ഥയുടെ നാളുകളില്‍ പൊലീസിന്റെ ശ്രദ്ധയില്‍പെടാതെ പാര്‍ടിപ്രവര്‍ത്തനം നടത്തി. അസമത്വങ്ങള്‍ക്കെതിരെയും അനീതികള്‍ക്കെതിരെയും കുഞ്ഞുനാളില്‍ത്തന്നെ മനസ്സില്‍ രൂപംകൊണ്ട ആശയങ്ങള്‍, സ്ത്രീസമൂഹം നേരിടുന്ന ദുരവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാന്‍ അവരെ പ്രേരിപ്പിച്ചു. ഇ എം എസുമായുള്ള ചര്‍ച്ചകളില്‍ ഒരു ദേശീയ വനിതാസംഘടനയ്ക്ക് രൂപംകൊടുക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് അവര്‍ മുന്നോട്ടുവന്നു.

1981ല്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ രൂപീകരണത്തോടെ അവര്‍ സംഘടനയുടെ വൈസ്പ്രസിഡന്റായി. ജീവിതാന്ത്യംവരെ സംഘടനാരംഗത്ത് സജീവമായിരുന്നു. 2002ല്‍ ക്യാപ്റ്റന്‍ ലക്ഷ്മിയെ ഇടതുപക്ഷപാര്‍ടികള്‍ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് നാടെങ്ങുമുള്ള പുരോഗമനവാദികളെ ആവേശംകൊള്ളിച്ചു.ക്യാപ്റ്റന്‍ ലക്ഷ്മി മഹിളാ അസോസിയേഷന്റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന കേന്ദ്രകമ്മിറ്റിയില്‍ അംഗമാകാനുള്ള അവസരം ഈ ലേഖികയ്ക്കുണ്ടായി.

മലയാളികളായ പ്രവര്‍ത്തകരോട് പ്രത്യേക വാത്സല്യമായിരുന്നു അവര്‍ക്ക്. കമ്മിറ്റിക്കകത്ത് കേരളത്തിലെ സംഘടനാ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അവ ഏറെ ആവേശത്തോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സഖാക്കളോട് ഹിന്ദിയില്‍ വിശദീകരിച്ചുകൊടുക്കുമായിരുന്നു. ഞങ്ങളോടെല്ലാം മലയാളത്തില്‍ത്തന്നെ സംസാരിക്കണമെന്ന നിര്‍ബന്ധബുദ്ധിയും അവര്‍ പ്രകടിപ്പിച്ചു. വാജ്പേയി സര്‍ക്കാരിന്റെ ഭരണകാലത്ത് കോഴിക്കോട് മുതലക്കുളത്ത് സംസാരിക്കുമ്പോള്‍ ബിജെപിയെ അവര്‍ 'ബ–ജ–പ' എന്ന് പരാമര്‍ശിച്ചത് കേള്‍വിക്കാര്‍ക്ക് ചിരിക്ക് വക നല്‍കി. ഹൈന്ദവവര്‍ഗീയതയെ എന്നുമവര്‍ നഖശിഖാന്തം എതിര്‍ത്തു.ശാരീരിക അവശതകള്‍ കാരണം ഡല്‍ഹിയിലേക്ക് യാത്രചെയ്യാനാകാതെ കാണ്‍പുരില്‍ കഴിഞ്ഞ ക്യാപ്റ്റനെ കാണാന്‍ 2009ല്‍ സുധ സുന്ദര്‍രാമനോടൊപ്പം അവരുടെ വീട്ടിലെത്തിയത് അവിസ്മരണീയമായ ഓര്‍മയായി മനസ്സിലുണ്ട്. രാവിലെ അവിടെയെത്തിയപ്പോള്‍ ഞങ്ങള്‍ അവര്‍ വിശ്രമിക്കട്ടെ എന്നുകരുതി മറ്റൊരു മുറിയില്‍ തങ്ങി. പിന്നീട് പുറത്തേക്കുവന്ന് അന്വേഷിച്ചപ്പോള്‍ ക്യാപ്റ്റന്‍ ക്ളിനിക്കിലേക്ക് പോയി എന്നറിഞ്ഞ് ഞങ്ങള്‍ അത്ഭുതപ്പെട്ടു. ഉച്ചഭക്ഷണസമയത്ത് ഡ്യൂട്ടികഴിഞ്ഞ് കടന്നുവന്ന ക്യാപ്റ്റന്റെ വരവ് ഇന്നും മനസ്സില്‍ മായാതെയുണ്ട്. വെള്ളപൈജാമയും കുര്‍ത്തയുമണിഞ്ഞ് വാക്കിങ് സ്റ്റിക്കും കൈയിലേന്തിവന്ന ക്യാപ്റ്റന്റെ കണ്ണുകളിലെ തിളക്കം ഇന്നും ഓര്‍ക്കുന്നു.

ക്യാപ്റ്റന്റെ നാലാം ചരമവാര്‍ഷികം നാം ആചരിക്കുന്നത്, വര്‍ഗീയത പത്തിവിടര്‍ത്തിയാടുന്ന ഒരു കാലഘട്ടത്തിലാണ്. നമ്മുടെ ജീവിതത്തെത്തന്നെ വിഷമയമാക്കുന്ന വര്‍ഗീയവിപത്തിനെതിരെ മതനിരപേക്ഷതയുടെ മഹത്തായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് കഴിയണം. ക്യാപ്റ്റന്റെ അനുസ്മരണച്ചടങ്ങുകളുടെ ഭാഗമായി വര്‍ഗീയവിരുദ്ധ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നുണ്ട്. അവയവദാനം, രക്തദാനം എന്നിവ പ്രോത്സാഹിപ്പിച്ചും രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുത്തും ആ ധീരവനിതയോടുള്ള ആദരവ് നമുക്ക് പ്രകടിപ്പിക്കാം

Related News