Loading ...

Home International

'അതിര്‍ത്തി തുറന്നിട്ടില്ല', സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂണിയന്‍

സിറിയയില്‍ ആഭ്യന്തര യുദ്ധം രൂക്ഷമാവുകയും പലായനം ശക്തമാവുകയും ചെയ്യുന്നതിനിടെ യൂറോപ്പിന്റെ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണെന്നു വ്യക്തമാക്കി യൂറോപ്യന്‍ യൂണിയന്‍. തുര്‍ക്കി യൂറോപ്പിലേക്കുള്ള അതിര്‍ത്തി തുറന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ യൂറോപ്പ് ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയാണ് യൂറോപ്യന്‍ യൂണിന്‍. 'അതിര്‍ത്തി തുറന്നിട്ടില്ല. അതിനാല്‍ ആരും അങ്ങോട്ടേക്ക് പോകേണ്ടതില്ല. അതിര്‍ത്തി തുറന്നുവെന്നും നിങ്ങള്‍ക്ക് പോകാമെന്നും ആരെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയല്ല' എന്ന് യൂറോപ്യന്‍ യൂണിയന്റെ വിദേശ നയ മേധാവി ജോസെപ് ബോറെല്‍ വ്യക്തമാക്കുന്നു. സിറിയയിലെ അവസാനത്തെ വിമത ശക്തികേന്ദ്രമായ ഇദ്ലിബ് പ്രവിശ്യയില്‍ നിന്ന് പലായനം ചെയ്യുന്നപി അഭയാര്‍ഥികളെ തുര്‍ക്കിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാലാണ് താന്‍ 'വാതിലുകള്‍ തുറക്കുന്നതെന്ന്' തുര്‍ക്കി പ്രസിഡന്റ് റെജെബ്‌ തയ്യിപ് എര്‍ദോഗന്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ വ്യക്തമാകിയിരുന്നു. എന്നാല്‍ 'രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി തുര്‍ക്കി കുടിയേറ്റ സമ്മര്‍ദ്ദം ഉപയോഗിക്കുകയാണെന്നാണ്' ബോറെല്‍ ആരോപിക്കുന്നത്. 'നിങ്ങള്‍ക്ക് അപകടമുണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യം നിങ്ങള്‍തന്നെ ഒഴിവാക്കുക. അടഞ്ഞ വാതിലിനു നേരെ നീങ്ങുന്നത് ഒഴിവാക്കുക'- അടിയന്തിരമായി വിളിച്ചു ചേര്‍ത്ത യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബോറെല്‍. തുര്‍ക്കിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ആയിരക്കണക്കിന് അഭയാര്‍ഥികളും കുടിയേറ്റക്കാരും ഗ്രീസിലേക്ക് കരമാര്‍ഗ്ഗമോ കടല്‍ മാര്‍ഗ്ഗമോ പ്രവേശിക്കാന്‍ ശ്രമിച്ചു. അവരെ പിന്തിരിപ്പിക്കാന്‍ ഗ്രീക്ക് സൈന്യം ടിയര്‍ഗാസും ജലപീരങ്കിയും ഉപയോഗിക്കുന്നുണ്ട്. അതേസമയം തുര്‍ക്കി പോലീസ് ഗ്രീസിലേക്ക് തിരിച്ചും കണ്ണീര്‍ വാതകങ്ങള്‍ പ്രയോഗിക്കുകയാണ്. ഇദ്ലിബില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്. ഇദ്ലിബില്‍ മൂന്ന് മാസ്മ നീണ്ടു നിന്ന തുടര്‍ച്ചയായ ആക്രമണത്തില്‍ റഷ്യന്‍ പിന്തുണയുള്ള സിറിയന്‍ സേന നേടിയ ചില പ്രാദേശിക നേട്ടങ്ങള്‍ തുര്‍ക്കിയും, ചില മേഖലകളില്‍ തുര്‍ക്കിക്കുള്ള അപ്രമാദിത്വം റഷ്യയും അംഗീകരിച്ചു. റഷ്യയും തുര്‍ക്കിയും തമ്മില്‍ മികച്ച അന്താരാഷ്ട്ര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണെങ്കിലും സിറിയയില്‍ അവര്‍ രണ്ടു പക്ഷത്താണ്.

Related News