Loading ...

Home National

ഇന്ത്യയില്‍ 31 പേര്‍ക്ക് കൊറോണ: പൊതുപരിപാടികള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 31 ആയി. കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് രാജ്യം. ഗുജറാത്തിലെ അംറേലിയില്‍ കൊറോണ ബാധ കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതും അതില്‍ പങ്കെടുക്കുന്നതും കൊറോണ വൈറസ് പടരാനുള്ള സാധ്യത കൂട്ടുമെന്ന് വിദഗ്തര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. കഴിവതും പൊതുപരിപാടികള്‍ ഒഴിവാക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നിര്‍ദേശം പാലിക്കാതെ കൂട്ടം കൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിര്‍ദേശത്തിലുണ്ട്

കൂടാതെ, നടത്താനിരുന്ന ഹോളി ആഘോഷങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ പൊതുപരിപാടികളും ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹിയിലാണ് ഒടുവിലായി കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. തായ്ലാന്‍ഡിലെയും മലേഷ്യയിലും യാത്ര ചെയ്ത ശേഷം തിരിച്ചെത്തിയ യുവാവിനാണ് അവസാനമായി വൈറസ് സ്ഥിരീകരിച്ചത്. ഗാസിയാബാദില്‍ നിന്നുള്ള 57കാരനാണ് ഇതിനു മുന്‍പ് ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്നുമെത്തിയതായിരുന്നു ഇദ്ദേഹം. രോഗം ബാധിച്ച 28ഓളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ പരിശോധനയുടെ ആദ്യ ഫലങ്ങള്‍ പോസിറ്റീവാണ്.

അതേസമയം, രോഗ൦ സ്ഥിരീകരിച്ചവരുടെ എല്ലാം ആരോഗ്യ നില തൃപ്തികരമാണ്. ലോകത്താകമാനം 97,000 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മൂവായിരത്തിലധികം പേരാണ് ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. കേരളത്തില്‍ മൂന്ന് പേര്‍ക്ക് രോഗം ബാധിച്ചിരുന്നുവെങ്കിലും മൂവരും സുഖം പ്രാപിച്ച്‌ വീടുകളിലേക്ക് മടങ്ങിയിരുന്നു. മലേഷ്യയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ വെച്ച്‌ മരിച്ചുവെങ്കിലും ഇയാള്‍ക്ക് കൊറോണ ബാധയില്ലായിരുന്നുവെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.


Related News