Loading ...

Home Kerala

മൂന്നാമത് ആസാദി വാസ്തുകലാ മഹതി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഡിസൈന്‍ ഇന്നോവേഷന്‍സ് (ആസാദി) മൂന്നാമത് ആസാദി വാസ്തുകലാ മഹതി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആര്‍ക്കിടെക്ച്ചര്‍ മേഖലയില്‍ 25 വര്‍ഷങ്ങളില്‍ കൂടുതല്‍ മികച്ച സേവനം കാഴ്ചവെച്ച ദക്ഷിണ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 6 വനിത ആര്‍ക്കിടെക്ടുമാരെയാണ് ഇക്കുറി ആദരിക്കുന്നത്.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റിന്റെ ദക്ഷിണ ഇന്ത്യയിലെ 6 ചാപ്റ്ററുകളാണ് അവരുടെ ചെയര്‍മാന്‍മാരുടെ നേതൃത്വത്തില്‍ മികച്ച വാസ്തുശില്‍പികളെ തിരഞ്ഞെടുത്തിരിക്കുന്നത്. ജയശ്രീ ദേശ്പാണ്ഡെ (മഹാരാഷ്ട്ര), എ.സുബ്ബലക്ഷ്മി (ആന്ധ്രപ്രദേശ്), രേണു ഹാസന്‍ (തെലങ്കാന), നീലം മഞ്ജുനാഥ് (കര്‍ണ്ണാടക), ഷീല ശ്രീപ്രകാശ് (തമിഴ്‌നാട്), ജബീന്‍ സഖറിയാസ് (കേരളം) എന്നിവരാണ് ഇത്തവണ അവാര്‍ഡിനര്‍ഹരായത്. 25000 രൂപയും ഫലകവും അടങ്ങു ന്നതാണ് അവാര്‍ഡ്. ഭാരതത്തിലെ സമുന്നതരായ വനിത ആര്‍ക്കിടെക്ടുകളെ ആദരിക്കുന്ന ഒരേ ഒരു അവാര്‍ഡാണ് വാസ്തുകലാ മഹതി അവാര്‍ഡ്.

അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച്‌ എട്ടിന് വൈറ്റില സില്‍വര്‍ സാന്റ് ഐലന്റ് കോളേജ് കാമ്ബസില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, എം.പിമാരായ ഹൈബി ഈഡന്‍, ബിനോയ് വിശ്വം എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ സമ്മാനിക്കും.

ആര്‍ക്കിടെക്റ്റ് മേഖലയില്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ മികച്ച എട്ട് വനിതാ ആര്‍ക്കിടെക്റ്റുമാരായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷത്തെയും ആസാദി വാസ്തുകലാ മഹതി അവാര്‍ഡ് ജേതാക്കള്‍. സ്ത്രീകള്‍ക്ക് അവരുടെ സര്‍ഗാത്മകത ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിക്കുവാന്‍ കഴിയുന്ന ഈ മേഖലയില്‍ വിജയിച്ച വനിതകളെ ആദരിക്കുന്നതിനാണ് ഏഷ്യയിലെ തന്നെ പ്രമുഖ ആര്‍ക്കിടെക്ച്ചര്‍ സ്‌കൂളായി വളര്‍ന്നുകൊണ്ടിരിക്കുന്ന ആസാദി വാസ്തുകലാ മഹതി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയതെന്ന് ആസാദി ചെയര്‍മാന്‍ പ്രൊഫ. ആര്‍ക്കിടെക്റ്റ് ബി.ആര്‍.അജിത്ത് പറഞ്ഞു.



Related News