Loading ...

Home health

ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി സൂക്ഷിക്കണം

ഭക്ഷണത്തിലെ പ്രോട്ടീനെതിരെ ശരീരം പ്രതികരിക്കുമ്ബോഴാണ് ഫുഡ് അലര്‍ജി ഉണ്ടാകുന്നത്. ഭക്ഷണത്തിലുള്ള പ്രോട്ടീനെതിരെ ശരീരം ആന്റിബോഡികള്‍ ഉണ്ടാക്കുകയും ഇവ തമ്മില്‍ പ്രതിപ്രവര്‍ത്തനം നടക്കുകയും ചെയ്യുന്നു. ഈ സമയത്ത് ഉണ്ടാകുന്ന ഹിസ്റ്റമിന്‍ എന്ന രാസവസ്തുവാണ് അലര്‍ജിക്ക് കാരണമാകുന്നത്. ശരീരം ചൊറിഞ്ഞു തടിക്കലും വയറിനുള്ളിലെ അസ്വസ്ഥതകളും തുടങ്ങി ആസ്മ പോലെയുള്ള ശ്വാസകോശ രോഗങ്ങള്‍ക്കു വരെ ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി കാരണമാകാറുണ്ട്. ശ്വാസതടസവും ഗുരുതരമായ രീതിയില്‍ രക്തസമ്മര്‍ദം താഴുന്നതും മരണത്തിന് വരെ കാരണമായേക്കാമെന്നത് അലര്‍ജിയെ കൂടുതല്‍ അപകടകാരിയാക്കുന്നു. ചില ഭക്ഷണങ്ങളിലെ പ്രോട്ടീന്‍ ഘടകങ്ങള്‍ ശരീരത്തിനു ദോഷമാണെന്ന് തെറ്റിധരിച്ച്‌ ശരീരം പ്രതികരിക്കുമ്ബോഴാണ് ഫുഡ് അലര്‍ജിയുണ്ടാകുന്നത്. ശരീരം ചൊറിഞ്ഞു തടിക്കുക, ഛര്‍ദി, വയറിളക്കം, വയറുവേദന, കണ്ണിലെ വീക്കം, ചുണ്ടിലും വായിലും വീക്കം തുടങ്ങിയ ലക്ഷണങ്ങള്‍ അത്ര ഗുരുതരമല്ല. എന്നാല്‍ ചിലര്‍ക്ക് ശ്വാസതടസം, തലകറക്കം, വേഗത്തിലുള്ള ശ്വസോച്ഛ്വാസം, ബോധക്ഷയം, ക്രമം തെറ്റിയ ഹൃദയമിടിപ്പ് എന്നിവ കണ്ടേക്കാം. ഇത് വളരെയധികം ശ്രദ്ധിക്കണം. അലര്‍ജിയുടെ ഏറ്റവും അപകടകരമായ അനഫൈലാറ്റിക് ഷോക്ക് എന്ന അവസ്ഥയുടെ ലക്ഷണമാവാം ഇത്. ശ്വാസതടസ്സവും രക്തസമ്മര്‍ദം കുറയുന്നതുമാണ് പ്രധാന ലക്ഷണം. ഇത്തരം സൂചനകള്‍ വന്നാല്‍ പോലും ഉടന്‍ വൈദ്യസഹായം തേടണം.

ചെമ്മീന്‍, ഞണ്ട്, കണവ, കക്ക തുടങ്ങിയവയെല്ലാം അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണളാണ്. പലരിലും വളരെ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ചിലരില്‍ ഇത്തരം ഭക്ഷണം പാകം ചെയ്യുമ്പോഴുണ്ടാകുന്ന ആവി ശ്വസിക്കുന്നതു പോലും ചിലരില്‍ അലര്‍ജി ഉണ്ടാക്കാം. ചിലരില്‍ ചില ഭക്ഷണം ദഹിപ്പിക്കാനുള്ള അവസ്ഥയുണ്ടാകാറുണ്ട്. ഇതിന് ഭക്ഷണത്തിന്റെ അലര്‍ജിയുമായി ബന്ധമില്ല. ഇതിന് ഉദാഹരണമാണ് ലാക്ടോസ് ഇന്‍ടോളറന്‍സ്. ഒരാളുടെ ദഹനവ്യവസ്ഥയില്‍ പാലിലെയും പാല്‍ ഉത്പന്നങ്ങളിലെയും പ്രോട്ടീന്‍ ദഹിപ്പിക്കുവാനാവശ്യമായ എന്‍സൈമുകള്‍ സ്വാഭാവികമായിത്തന്നെ ഇല്ലാതിരിക്കുന്ന അവസ്ഥയാണിത്. പാലോ പാലുത്പന്നങ്ങളോ കഴിക്കുന്നത് ഇത്തരക്കാരില്‍ വയറിളക്കം, ഓക്കാനം, വയറ്റില്‍ ഗ്യാസ് നിറയല്‍ തുടങ്ങിവക്ക് കാരണമാകുന്നു. 90 ശതമാനം വരുന്ന ഭക്ഷണ അലര്‍ജികള്‍ക്കും കാരണം മുട്ട, പാല്‍, ഗോതമ്ബ്, നിലക്കടല, ചില മത്സ്യങ്ങള്‍, കക്ക, ഞണ്ട്, ചെമ്മീന്‍ എന്നിവയാണ്. സാധാരണയായി ഇവയില്‍ ഏതെങ്കിലും ഒരു ഭക്ഷ്യവസ്തുവിനോടു മാത്രമേ ഒരാള്‍ക്ക് അലര്‍ജിയുള്ളതായി കാണാറുള്ളൂ. അലര്‍ജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തുകയും അവ ഒഴിവാക്കുകയും ചെയ്യുകയാണ് അലര്‍ജിയില്‍ നിന്നും രക്ഷപ്പെടാനുള്ള പ്രധാന മാര്‍ഗ്ഗം. ദേഹത്ത് ചൊറിഞ്ഞ് തടിക്കല്‍ പോലുള്ള ചെറിയ രീതിയിലുള്ള അലര്‍ജിക്ക് കലാമിന്‍ ലോഷന്‍, ക്ലോര്‍ഫിനി റാമിന്‍ മാലിയേറ്റ് (അവില്‍ ഗുളിക), തണുത്ത വെള്ളത്തിലെ കുളി എന്നിവയൊക്കെ ആശ്വാസം തരും. ശ്വാസതടസവും രക്തസമ്മര്‍ദം താഴുന്നതുമൊക്കെയാണെങ്കില്‍ എത്രയും വേഗത്തില്‍ വൈദ്യസഹായം ഉറപ്പിക്കുകയാണ് വേണ്ടത്.

Related News