Loading ...

Home National

ഒരാള്‍ക്കു കൂടി കൊറോണ; ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 30 ആയി

ന്യൂഡല്‍ഹി: ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 30 ആയി. ബുധനാഴ്ച 22 പേര്‍ക്കാണ് പുതിയതായി ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. കൊറോണ ബാധിതര്‍ക്കായി ആഗ്രയില്‍ പുതിയതായി ഒരു കേന്ദ്രം ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ വ്യാഴാഴ്ച രാജ്യസഭയില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിഷയം നിരീക്ഷിച്ചുവരുന്നതായി ആരോഗ്യ മന്ത്രി പറഞ്ഞു. കൂടാതെ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തുന്നതിന് മന്ത്രിമാരുടെ ഒരു സംഘത്തെ നിയോഗിച്ചിട്ടുമുണ്ട്. സംസ്ഥാനങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ബന്ധപ്പെട്ട് വിലയിരുത്തലുകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ നേരത്തേ രോഗം സ്ഥിരീകരിച്ച്‌ സുഖംപ്രാപിച്ച മൂന്നുപേരും ഇറ്റലിയില്‍നിന്നെത്തിയ 16 വിനോദസഞ്ചാരികളും ഉള്‍പ്പെടെ 29 പേര്‍ക്കാണ് കഴിഞ്ഞ ദിവസം വരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. ഇറ്റലിയില്‍നിന്നെത്തിയ തങ്ങളുടെ ഒരു ജീവനക്കാരന് കൊറോണ ബാധിച്ചതായി ബുധനാഴ്ച പേടിഎം അറിയിച്ചിരുന്നു. കമ്ബനിയുടെ ഗുരുഗ്രാമിലെയും നോയ്ഡയിലെയും ഓഫീസുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചു. ജീവനക്കാരോട്‌ വീട്ടിലിരുന്ന് ജോലിചെയ്താല്‍ മതിയെന്ന് മാനേജ്മെന്റ് നിര്‍ദേശിച്ചു. ഇതിനുപുറമേ വിദേശത്ത് 17 ഇന്ത്യക്കാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 16 പേര്‍ ജപ്പാന്‍ തീരത്തുള്ള ആഡംബരക്കപ്പലിലും ഒരാള്‍ യു.എ.ഇ.യിലുമാണ്. എല്ലാ രാജ്യത്തുനിന്നും ഇന്ത്യയിലെത്തുന്നവരെ പരിശോധനയ്ക്കു വിധേയരാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതുവരെ ചൈന, ജപ്പാന്‍, ഹോങ് കോങ്, ദക്ഷിണകൊറിയ, തായ്ലാന്‍ഡ്, നേപ്പാള്‍, സിങ്കപ്പൂര്‍, ഇന്‍ഡൊനീഷ്യ, വിയറ്റ്‌നാം, മലേഷ്യ, ഇറ്റലി, ഇറാന്‍ എന്നീ 12 രാജ്യങ്ങളില്‍നിന്ന് എത്തുന്നവരെയാണ് പരിശോധിച്ചിരുന്നത്.

Related News