Loading ...

Home Education

എന്‍ജിനീയറിങ് ആഗോള റാങ്കിങ്: ആദ്യ 50ല്‍ ഐഐടി ബോംബെയും ഐഐടി ഡല്‍ഹിയും

ന്യൂഡല്‍ഹി: ആഗോള തലത്തില്‍ വിഷയാടിസ്ഥാനത്തില്‍ സര്‍വകലാശാലകളുടെ റാങ്കിങില്‍ ആദ്യ 50ല്‍ ഇടംനേടി ഇന്ത്യയില്‍ നിന്ന് രണ്ട് സ്ഥാപനങ്ങള്‍. ക്വാക്കെറെലി സൈമണ്‍സ് (ക്യൂ.എസ്) പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി വിഭാഗത്തില്‍ ഐഐടി ബോംബെ (44), ഐഐടി ഡല്‍ഹി (47) എന്നിവയാണ് ആദ്യ 50ല്‍ സ്ഥാനംപിടിച്ചത്. 2019ല്‍ പട്ടികയില്‍ 61-ാമതായിരുന്ന ഐഐടി ഡല്‍ഹി ഇത്തവണ 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. ഐഐടി ബോംബെ 9 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് 44-ാമത് എത്തിയത്. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി), സ്റ്റാന്‍സ്‌ഫോര്‍ഡ് സര്‍വകലാശാല, കേംബ്രിജ് സര്‍വകലാശാല എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ഐഐടി ഖരക്പൂര്‍ (86), ഐഐടി മദ്രാസ് (88), ഐഐടി കാണ്‍പൂര്‍ (96) എന്നിവ ആദ്യ നൂറില്‍ ഇടംനേടിയിട്ടുണ്ട്. നിയമപഠന വിഭാഗത്തിലും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനായിട്ടുണ്ട്. ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂള്‍ (ജെ.ജി.എല്‍.എസ്), നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി (എന്‍.എല്‍.എസ്.ഐ.യു) എന്നിവ ആദ്യ 200ല്‍ ഇടംനേടി. ജെ.ജി.എല്‍.എസ് 101-150 ബാന്‍ഡിലും എന്‍.എല്‍.എസ്.ഐ.യു 151-200 ബാന്‍ഡിലും സ്ഥാനംപിടിച്ചു. വിവിധ വിഷയങ്ങളില്‍ റാങ്കിങ്ങിനായി ഇന്ത്യയില്‍നിന്നും 165 സ്ഥാപനങ്ങളെയാണ് പരിഗണിച്ചത്. യു.എസില്‍ നിന്നും 441, യു.കെ., ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നായി 502, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍നിന്ന് 360 സ്ഥാപനങ്ങളും റാങ്കിങ്ങിനായി പരിഗണിച്ചിരുന്നു.

Related News