Loading ...

Home National

മൂന്നാം ചന്ദ്രയാന്‍ 2021ല്‍;ഏത് വിധേനയും ലാന്‍ഡര്‍ ചന്ദ്രനിലിറക്കാന്‍ ലക്ഷ്യം

ഇന്ത്യയുടെ മൂന്നാമത് ചാന്ദ്രഗവേഷണ ദൗത്യമായ 'ചന്ദ്രയാന്‍-3' അടുത്തവര്‍ഷം ആദ്യം വിക്ഷേപിക്കും. കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് ആണ് ഇക്കാര്യം അറിയിച്ചത്. കരുത്തുറ്റ രൂപകല്‍പനയാണ് ചന്ദ്രയാന്‍ മൂന്നിനെന്നും കഴിവുകള്‍ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍-2 ല്‍ വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ഇത് പൂര്‍ത്തിയാക്കുകയാണ് ചന്ദ്രയാന്‍ മൂന്നിന്റെ മുഖ്യ ലക്ഷ്യം. പുതിയ ഉദ്യമത്തിലും ഒരു ലാന്‍ഡര്‍, റോവര്‍, പ്രൊപ്പള്‍ഷന്‍ മോഡ്യൂള്‍ എന്നിവ ഉണ്ടാവുമെന്ന് കെ.ശിവന്‍ പറഞ്ഞു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതിയായ ഗഗന്‍യാനും ചന്ദ്രയാന്‍ മൂന്നിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുപോലെ കൊണ്ടുപോവുകയാണ് ഐഎസ്‌ആര്‍ഒ. ചന്ദ്രയാന്‍ രണ്ടിന്റെ വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്റ് ചെയ്യിക്കാനുള്ള ശ്രമം അവസാന നിമിഷങ്ങളിലാണ് പരാജയപ്പെട്ടത്. ചന്ദ്രോപരിതലത്തിന് നൂറ് മീറ്ററോളം അകലത്തില്‍ വെച്ചാണ് ലാന്ററിന്റെ പ്രവര്‍ത്തനം അവതാളത്തിലായത്. ലാന്ററിന്റെ വേഗം കുറച്ച്‌ പതിയെ ഇറക്കാനുള്ള ശ്രമം പാളുകയും ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങുകയും ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഉടന്‍തന്നെ അടുത്ത പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. അതേസമയം ഇപ്പോള്‍ ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്ന ഓര്‍ബിറ്റര്‍ ഭ്രമണപഥത്തില്‍ നിന്നും അടുത്ത ഏഴ് വര്‍ഷത്തോളം ചന്ദ്രനില്‍ നിന്നുള്ള വിവര ശേഖരണം നടത്തും. ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലാണ്.

Related News