Loading ...

Home Kerala

'യോദ്ധാവ്' പണി തുടങ്ങി ; പിടിയിലായത് 180 പേര്‍

കൊച്ചി : ലഹരിമുക്ത കൊച്ചി പദ്ധതിയുടെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് രൂപകല്‍പ്പന ചെയ്ത 'യോദ്ധാവ്' എന്ന മൊബൈല്‍ വാട്‌സ് ആപ്പ് ഫലം കണ്ടുതുടങ്ങി. ഈ വാട്സ്‌ആപ്പ് നമ്പര്‍ വഴി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 170 കേസുകള്‍. ഈ കേസുകളിലായി 180 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരില്‍ നിന്നായി 18.27 ഗ്രാം മയക്കുമരുന്ന്, 24.14 കിലോഗ്രാം കഞ്ചാവ്, 700 പാക്കറ്റ് നിരോധിത പുകയില ഉത്‌പന്നങ്ങള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞമാസം 15-നാണ് യോദ്ധാവിന്റെ വാട്‌സ് ആപ്പ് ന മ്പറിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ജില്ലയിലെ ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 99959 66666 എന്ന 'യോദ്ധാവ്' മൊബൈല്‍ വാട്‌സ് ആപ്പ് നമ്പറിലേക്ക് അറിയിക്കാം. എറണാകുളത്തിന് പുറമെ, സംസ്ഥാനത്തെ മറ്റ് ജില്ലകളിലും നടക്കുന്ന മയക്കുമരുന്ന് വിതരണത്തിനും വ്യാപനത്തിനുമെതിരേ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 500-ല്‍ അധികം സന്ദേശങ്ങളാണ് വാട്സ്‌ആപ്പ് നമ്പറിലൂടെ ലഭിച്ചിട്ടുള്ളത്. ഈ സന്ദേശങ്ങള്‍ അതത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് അയച്ചുകൊടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.കൊച്ചി പൊലീസ് കമ്മിഷണറേറ്റ് പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷന്‍, ഡാന്‍സാഫ്, സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നീ ടീമംഗങ്ങള്‍ സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെയുടെ നിര്‍ദേശപ്രകാരം പരിശോധന നടത്തുകയായിരുന്നു. സന്ദേശങ്ങള്‍ അയയ്ക്കുന്ന ആളുടെ വിവരങ്ങള്‍ സന്ദേശം സ്വീകരിക്കുന്ന പൊലീസുദ്യോഗസ്ഥര്‍ക്കുപോലും അറിയാന്‍ സാധിക്കില്ല. ലഹരിമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ യോദ്ധാവ് വാട്സ്‌ആപ്പ് നമ്പറിലൂടെ അറിയിക്കണമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടു.






Related News