Loading ...

Home Gulf

കുട്ടികളുടെ പഠന-വിനോദ യാത്രകള്‍ ഉപേക്ഷിക്കാന്‍ ദുബൈ സ്കൂളുകള്‍ക്ക് നിര്‍ദേശം

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണ നടപടികള്‍ തുടരുന്നു. കുട്ടികളുടെ പഠന-വിനോദ യാത്രകള്‍ ഉപേക്ഷിക്കാന്‍ ദുബൈ സ്കൂളുകള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. ആളുകള്‍ ഒന്നിച്ചു കൂടുന്ന സാഹചര്യം പരമാവധി വര്‍ജിക്കാനാണ് കുവൈത്തും ബഹ്റൈനും നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുവൈത്തില്‍ കത്തോലിക്ക ദേവാലയങ്ങളിലെ പ്രാര്‍ഥനാ ചടങ്ങുകളും മറ്റും രണ്ടാഴ്ചക്കാലം നിര്‍ത്തി വെച്ചു. നാളെ മുതല്‍ രണ്ടാഴ്ച കുവൈത്തില്‍ വിദ്യാലയങ്ങളും അടച്ചിടും. ബഹ്റൈനും സമാന നടപടിയാണ് കൈക്കൊണ്ടിരിക്കുന്നത്. ഷാര്‍ജ, ദുബൈ വിമാന സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. രണ്ട് സൈക്കിളിങ് താരങ്ങള്‍ക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് അബൂദബിയില്‍ പുരോഗമിച്ചിരുന്ന യു എഇ ടൂര്‍ സൈക്കിളിങ് മല്‍സരവും ഇന്നലെ റദ്ദാക്കി. രോഗം പടരാതിരിക്കാന്‍ എല്ലാ ടീമംഗങ്ങളെയും രണ്ട് ഹോട്ടലുകളിലായി നിരീക്ഷണത്തിനായി പാര്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സൌദിയിലേക്ക് സന്ദര്‍ശന വിസാവിലക്കില്ലെങ്കിലും വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് മണിക്കൂറുകള്‍ പിന്നിട്ടാണ് പുറത്ത് കടക്കാനാകുന്നത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളാണ് കാരണം. അതിനിടെ, പശ്ചിമേഷ്യയില്‍ കൊറോണ ഏറ്റവും കൂടുതല്‍ ഭീതി വിതച്ച ഇറാന് സഹായം നല്‍കാന്‍ ഒരുക്കമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ അറിയിച്ചു. ഇറാന്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. കൊറോണ ഭീതിയെ തുടര്‍ന്ന് എണ്ണ, ഓഹരി വിപണികളില്‍ തിരിച്ചടി തുടരുകയാണ്.

Related News