Loading ...

Home USA

യുഎസ്-താലിബാന്‍ സമാധാന കരാര്‍ ഇന്ന് ഖത്തറില്‍; ഇന്ത്യ അടക്കം 30 രാജ്യങ്ങള്‍ സാക്ഷിയാകും

വാഷിങ്ടണ്‍: താലിബാനുമായി യുഎസ് ഇന്ന് ഖത്തറില്‍ വെച്ച്‌ സമാധാന കരാറില്‍ ഒപ്പിടും. സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആകും യുഎസിനെ പ്രതിനിധീകരിച്ച്‌ കരാറില്‍ ഒപ്പിടുകയെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈനികരെ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനുള്ള ആദ്യ പടിയാണിത്. ഘട്ടം ഘട്ടമായിട്ടായിരിക്കും യുഎസ് സേനയെ പിന്‍വലിക്കുക. തീവ്രവാദികളെ സഹായിക്കില്ലെന്ന് താലിബാന്റെ ഉറപ്പുമടക്കം കരാറിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇന്ന് വൈകീട്ടോടെയാകും കരാര്‍ ഒപ്പിടല്‍. കരാര്‍ ഒപ്പിടുന്നതില്‍ സാക്ഷിയാകാന്‍ ഇന്ത്യ അടക്കം 30 രാജ്യങ്ങള്‍ക്ക് ക്ഷണമുണ്ട്. ഖത്തര്‍ ഭരണകൂടമാണ് ഇന്ത്യയെ ക്ഷണിച്ചത്. താലിബാനും അഫ്ഗാന്‍ സര്‍ക്കാരും കരാറില്‍ പ്രതിജ്ഞാബദ്ധരായി മുന്നോട്ട് പോകുകയാണെങ്കില്‍ അഫ്ഗാനിലെ യുദ്ധം അവസാനിപ്പിച്ച്‌ സൈന്യത്തെ യുഎസിലേക്ക് കൊണ്ടുവരാനുള്ള പാതയുണ്ടാക്കുമെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം അറിയിച്ചു. കരാര്‍ ഒപ്പിട്ടതിന് ശേഷം യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറും അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരും സംയുക്ത പ്രഖ്യാപനം നടത്തുമെന്നും ട്രംപ് അറിയിച്ചു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. രാജ്യത്തിന്റെ സമാധാനത്തിനും പുതിയ ഭാവിക്കും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ട്രംപ് അഫ്ഗാന്‍ ജനതയോട് അഭ്യര്‍ത്ഥിച്ചു. പതിമൂവായിരത്തോളം യുഎസ് സൈനികര്‍ നിലവില്‍ അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ടിക്കുന്നുണ്ട്. ഇത് 135 ദിവസം കൊണ്ട് 8,600 ലേക്കെത്തും. പൂര്‍ണ്ണമായും സൈനികരെ പിന്‍വലിക്കുന്നതിനുള്ള സമയപരിധിയും കരാറിലുണ്ടാകുമെന്നാണ് സൂചന. അല്‍ഖ്വായ്ദയ്ക്കും മറ്റു തീവ്രവാദ സംഘടനകള്‍ക്കും സഹായം നല്‍കരുത്. അക്രമങ്ങള്‍ കുറയ്ക്കുക. അഫ്ഗാന്‍ സര്‍ക്കാരുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുക എന്നിങ്ങനെയാണ് കരാറില്‍ താലിബാനുള്ള നിര്‍ദേശങ്ങള്‍. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധമാണ് അഫ്ഗാനിസ്ഥാനിലേത്. 2001-ന് ശേഷം അഫ്ഗാനില്‍ 2400 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Related News