Loading ...

Home Education

അരൂജ സ്‌കൂള്‍ കുട്ടികള്‍ക്ക് പത്താം ക്ലാസ് പരീക്ഷയെഴുതാനാവില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അരൂജ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. 24 മുതല്‍ ആരംഭിച്ച പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 28 കുട്ടികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ബുധനാഴ്ച വീണ്ടും ഹര്‍ജി പരിഗണിക്കും. സിബിഎസ്‌ഇ അംഗീകാരമില്ലാത്തതിനാലാണ് തോപ്പുംപടി ആരൂജ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതെ പോയത്. സ്‌കൂളിന് സിബിഎസ്‌ഇ അംഗീകാരം ഇല്ലെന്ന കാര്യം വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും മറച്ചുവെച്ചാണ് അരൂജാസ് സ്‌കൂള്‍ ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. പരീക്ഷ തീയതി അടുത്തിട്ടും ഹാള്‍ ടിക്കറ്റ് വിതരണം ചെയ്യാത്തതിനെ കുറിച്ച്‌ അന്വേഷിച്ചപ്പോഴാണ് സ്‌കൂളിന് അംഗീകാരമില്ലെന്ന വിവരം തിരിച്ചറിയുന്നത്. ഇതോടെ 29 വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നത്. പരീക്ഷയെഴുതാന്‍ കഴിയാത്ത സംഭവത്തില്‍ നേരത്തെ ഹൈക്കോടതി സിബിഎസ്‌ഇയെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരേ നടപടിയെടുക്കാത്തതിന് സിബിഎസ്‌ഇയെ വിമര്‍ശിച്ച കോടതി സിബിഎസ്‌ഇ കുറച്ചെങ്കിലും ഉത്തരവാദിത്തം കാണിക്കണമെന്നും വ്യക്തമാക്കിയിരുന്നു. തോന്നിയ പോലെ നാടു മുഴുവന്‍ സ്‌കൂളുകള്‍ അനുവദിക്കുന്നു. പിന്നെ ഒരു അന്വേഷണവും സിബിഎസ്‌ഇ നടത്തുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. സിബിഎസ്‌ഇയുടെ മൗനം ലാഭക്കൊതിയന്മാര്‍ മുതലാക്കുകയാണ്. കുട്ടികളെ ചൂഷണം ചെയ്യാന്‍ ഇത്തരം സ്‌കൂളുകളെ നിങ്ങള്‍ അനുവദിക്കുകയാണോയെന്നും കോടതി ചോദ്യമുയര്‍ത്തി. സിബിഎസ്‌ഇ ഇനിയും ഒളിച്ചു കളിക്കാന്‍ നോക്കിയാല്‍ വെറുതേ വിടില്ലെന്നും വിദ്യാര്‍ഥികളുടെ ഭാവിവെച്ച്‌ കളിക്കേണ്ടെന്നും കോടതി മുന്നറിയിപ്പ് നല്‍കി. പ്രശ്‌നപരിഹാരത്തിനായി വിദ്യാര്‍ഥികളുടെ ഒരു വര്‍ഷം നഷ്ടപ്പെടാതിരിക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും ഹൈക്കോടതി ആരാഞ്ഞിരുന്നു.

Related News