Loading ...

Home International

ഇദ്‌ലിബില്‍ വ്യോമാക്രമണം രൂക്ഷമാക്കി സിറിയ; വ്യോമാക്രമണത്തില്‍ 33 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു

സിറിയയിലെ ഇദ്ലിബ് പ്രവിശ്യയില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 33 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കലാപകാരികളില്‍ നിന്ന് കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതിന്‍റെ ഭാഗമായി വടക്ക്-പടിഞ്ഞാറന്‍ സിറിയയില്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ മുന്നേറ്റം തുടരുകയാണ്. സിറിയ കണ്ടതില്‍വെച്ച്‌ ഏറ്റവും ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയിലേക്കാണ് അക്രമം വഴിവയ്ക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കെയാണ് വിമതര്‍ക്ക് സര്‍വ്വ പിന്തുണയും നല്‍കുന്ന തുര്‍ക്കിക്ക് കനത്ത തിരിച്ചടിയേല്‍ക്കുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. വിമത ഗ്രൂപ്പുകളെ സഹായിക്കുന്നതിനായി ഈ മാസം ആദ്യംതന്നെ തുര്‍ക്കി കൂടുതല്‍ സൈന്യത്തെ സിറിയയിലേക്ക് അയച്ചിരുന്നു. ഇന്നലെ രാവിലെ നടന്ന ഷെല്ലാക്രമണത്തില്‍തന്നെ ഒരു സൈനികനെ അവര്‍ക്ക് നഷ്ടമായിരുന്നു. റഷ്യന്‍ പിന്തുണയോടെ സിറിയന്‍ ഭരണകൂടം സൈനിക നീക്കം ശക്തമാക്കിയതോടെ കുറഞ്ഞത് ഒരു മില്യണ്‍ ആളുകളെങ്കിലും വടക്കോട്ട് പലായനം ചെയ്ത് തുര്‍ക്കി അതിര്‍ത്തിയിലെത്തിയെന്നാണ് യു.എന്‍ പറയുന്നത്. എന്നാല്‍ തുര്‍ക്കി ബോര്‍ഡര്‍ അടക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ശൈത്യകാലത്ത് മതിയായ പാര്‍പ്പിടമോ ഭക്ഷണമോ ആരോഗ്യ സംരക്ഷണമോ ഇല്ലാതെ അവിടെ കഴിയേണ്ട അവസ്ഥയാണുള്ളത്. പ്രതികൂല കാലാവസ്ഥയെ അതിജീവ്ക്കാന്‍ കഴിയാതെ ഏഴു കുട്ടികള്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. റഷ്യന്‍ വ്യോമാക്രമണത്തിന്‍റെ പിന്തുണയോടെ വെറും 48 മണിക്കൂറിനുള്ളില്‍ സിറിയന്‍ വിപ്ലവത്തിന്റെ കേന്ദ്രമായിരുന്ന കഫ്രാന്‍ബെല്‍ പട്ടണവും സമീപത്തുള്ള 18 പട്ടണങ്ങളും ഗ്രാമങ്ങളും പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ സൈന്യത്തിന് സാധിച്ചു. മാത്രവുമല്ല, ഈ വര്‍ഷം ഇതുവരെ 22 വിദ്യാഭ്യാസ സ്ഥാപനങ്ങളെങ്കിലും ബോംബിട്ടു തകര്‍ത്തുവെന്നാണ് കണക്ക്. 400 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു.

Related News