Loading ...

Home Kerala

സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി ലാഭ വിഹിത പദ്ധതിക്ക് മികച്ച പ്രതികരണം

തിരുവനന്തപുരം: പ്രവാസികളെ ലക്ഷ്യമിട്ടുകൊണ്ട് കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രവാസി ലാഭ വിഹിത പദ്ധതിക്ക് മികച്ച പ്രതികരണം. അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മരണം വരെ പ്രതിമാസം 5500 രൂപ വരെ ലഭിക്കുന്നതാണ് പദ്ധതി . കിഫ്ബിയിലേക്ക് ധനസമാഹരണം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്ക്കരിച്ചത് . പദ്ധതി തുടങ്ങി ഒരു മാസത്തിനിടെ 98പേരാണ് നിക്ഷേപം നടത്തിയത്. ആകെ നിക്ഷേപം 18.67 കോടിയായി. പ്രവാസി ക്ഷേമ ബോര്‍ഡില്‍ ലഭിക്കുന്ന നിക്ഷേപങ്ങള്‍ കിഫ്ബിക്ക് കൈമാറും . കിഫ്ബിയുടെ വിഹിതമായി ഒന്‍പത് ശതമാനവും സംസ്ഥാന സര്‍ക്കാരിന്‌റെ വിഹിതമായി ഒരു ശതമാനവും അടക്കം പത്ത് ശതമാനം പലിശയാണ് ലഭിക്കുക. പദ്ധതി രൂപരേഖ: 3 ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ പ്രവാസികളില്‍ നിന്നു സ്വീകരിക്കുകയും അതു സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏജന്‍സികള്‍ക്കു കൈമാറി അടിസ്ഥാന സൗകര്യ വികസനത്തിനു വിനിയോഗിക്കുകയും ചെയ്യുന്നതാണ് പദ്ധതി. നിക്ഷേപിച്ചു 3 വര്‍ഷത്തിനു ശേഷമാകും 10% പ്രതിമാസ വിഹിതം ലഭിച്ചുതുടങ്ങുക. ഉദാഹരണത്തിനു 3 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ആദ്യ വര്‍ഷത്തെ വിഹിതമായ 30,000 രൂപ കൂടി ചേര്‍ന്ന് 3.3 ലക്ഷത്തിന്റെ വിഹിതമാകും രണ്ടാം വര്‍ഷം കണക്കാക്കുക. ഇത്തരത്തില്‍ മൂന്നു വര്‍ഷത്തിനു ശേഷമുള്ള സഞ്ചിത തുകയുടെ വിഹിതമാണു നാലാം വര്‍ഷം മുതല്‍ പ്രതിമാസം ലഭിക്കുക. നിക്ഷേപം കിഫ്ബിക്കാണ് കൈമാറുന്നത്. നിക്ഷേപകന്റെ കാലശേഷം ജീവിതപങ്കാളിക്കു വിഹിതം തുടര്‍ന്നും ലഭിക്കും. ജീവിത പങ്കാളിയുടെ മരണശേഷം നിക്ഷേപത്തുകയും ആദ്യ മൂന്നുവര്‍ഷത്തെ ഡിവിഡന്റും നോമിനിക്കു കൈമാറുന്നതോടെ പ്രതിമാസം വിഹിതം അവസാനിക്കും.

Related News