Loading ...

Home Gulf

കൊറോണ: സൗദി അറേബ്യ ഉംറ തീര്‍ത്ഥാടനം താത്കാലികമായി നിര്‍ത്തിവെച്ചു; കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ തീര്‍ത്ഥാടകരെ തിരിച്ചയച്ചു

കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള ആശങ്ക ഗള്‍ഫ് രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ ഉംറ തീര്‍ത്ഥാടനം നിര്‍ത്തിവെച്ചു. ഇറാനിലടക്കം കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിലാണ് സൗദി ഈ തീരുമാനമെടുത്തത്. സൗദി വിദേശകാര്യ മന്ത്രാലയമാണ് ഉംറ തീര്‍ത്ഥാടനം താത്കാലികമായി നിര്‍ത്തിവെച്ചെന്ന് അറിയിച്ചത്. ഇതിനെതുടര്‍ന്ന് ഉംറ യാത്രയ്ക്കായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീര്‍ത്ഥാടകരെ തിരിച്ചയച്ചു. കരിപ്പൂരില്‍ നിന്ന് ഇന്ന് പുറപ്പെടേണ്ടിയിരുന്നത് 3 വിമാനങ്ങളിലായി 400-ഓളം ഉംറ തീര്‍ത്ഥാടകരായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ യാത്രക്കാരെ തിരിച്ചിറക്കുന്നത് സംബന്ധിച്ച്‌ മുന്‍കൂട്ടി വിവരമൊന്നും ലഭിച്ചിരുന്നില്ലെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ചുമതലയുള്ള മുഹമ്മദ് ഷഹീദ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗള്‍ഫ് മേഖലയില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് തീരുമാനം. ഗള്‍ഫിലാകെ ഇതുവരെ 211 പേര്‍ക്ക് കൊറോണ ബാധയേറ്റതായാണ് വിവരം. ഇറാനില്‍ നിന്നെത്തിയവരോ അവരുമായി അടുത്ത് ഇടപ്പെട്ടവരോ ആണ് മദ്ധ്യപൂര്‍വദേശത്തെ മറ്റ് രാജ്യങ്ങളില്‍ വൈറസ് ബാധയേറ്റവരില്‍ അധികവുമെന്നാണ് വിവരം. ഇതോടെ ഇറാനുമായുള്ള ബന്ധം കുറയ്ക്കാനും ഇറാനില്‍ നിന്ന് എത്തുന്നവരെ നിയന്ത്രിക്കാനുമുള്ള ശ്രമത്തിലുമാണ് മറ്റ് രാജ്യങ്ങള്‍. അതേസമയം ഇറാനില്‍ നിന്നുള്ള എല്ലാ യാത്രാവിമാനങ്ങളും കാര്‍ഗോ വിമാനങ്ങളും യുഎഇ ഒരാഴ്ചത്തേക്ക് വിലക്കി. അതിനിടെ ഇറാനിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഡെപ്യൂട്ടി ആരോഗ്യമന്ത്രിക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചതോടെ ഇറാനില്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമല്ലെന്ന വിലയിരുത്തലുകളുമുണ്ട്. ഇറാനില്‍ ഇതുവരെ 139 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. 19 മരണമാണ് ബുധനാഴ്ച വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യുഎഇയില്‍ 13 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ ഇതിനോടകം തന്നെ സുഖം പ്രാപിച്ചു. കുവൈറ്റ് ആരോഗ്യ മന്ത്രാലയലത്തിന്റെ കണക്കുകള്‍ പ്രകാരം ബുധനാഴ്ച വരെ രാജ്യത്ത് 25 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. പുതിയതായി 13 കേസുകളാണ് കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബഹ്‌റൈനില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ച 26 പേരും ഇറാനില്‍ നിന്ന് എത്തിയവരാണ്. ഫെബ്രുവരി മാസത്തില്‍ ഇറാന്‍ സന്ദര്‍ശിച്ചവരെല്ലാം സ്വമേധയാ പരിശോധനയ്ക്ക് തയ്യാറാവണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍ അറിയിച്ചു. ഒമാനില്‍ പുതിയ രണ്ട് കേസുകള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാഖില്‍ നജഫില്‍ ഒരാള്‍ക്കും കിര്‍കുക്കില്‍ നാല് പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

Related News