Loading ...

Home Business

എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മന്റ് സര്‍വീസസിന്റെ ഓഹരി വില 750-755 രൂപ; 9,500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് എസ്ബിഐ

മുംബൈ: എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മന്റ് സര്‍വീസസിന്റെ ഓഹരി വില 750-755 രൂപ നിലവാരത്തിലായിരിക്കും. 9,500 കോടി രൂപ സമാഹരിക്കാനാണ് എസ്ബിഐയുടെ ഉപകമ്ബനിയായ എസ്ബിഐ കാര്‍ഡ്സ് ഉദ്ദേശിക്കുന്നത്. ഐപിഒ മാര്‍ച്ച്‌ രണ്ടിന് ആരംഭിച്ച്‌ മാര്‍ച്ച്‌ അഞ്ചിന് അവസാനിക്കും. യോഗ്യതയുള്ള ജീവനക്കാര്‍ക്ക് ഒരു ഓഹരിക്ക് 75 രൂപ കിഴിവ് നല്‍കുമെന്ന് എസ്ബിഐ റെഗുലേറ്ററി ഫയലിംഗില്‍ ചൊവ്വാഴ്ച അറിയിച്ചു. ചുരുങ്ങിയത് 19 ഓഹരികള്‍ക്കെങ്കിലും അപേക്ഷിക്കണം. മാര്‍ച്ച്‌ 16ന് ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ഓഹരി ഉടമകളായ എസ്ബിഐ 3.73 കോടി ഓഹരികളും കാര്‍ളൈല്‍ ഗ്രൂപ്പ് 9.32 കോടി ഓഹരികളും വില്‍ക്കും. 500 കോടി രൂപമൂല്യമുള്ള പുതിയ ഓഹരികളാകും കമ്ബനി വില്‍ക്കുക. നിലവില്‍ എസ്ബിഐയ്ക്ക് 76 ശതമാനം ഓഹരി വിഹിതമാണുള്ളത്. ബാക്കിയുള്ളത് കാര്‍ളൈല്‍ ഗ്രൂപ്പിന്റെ കൈവശവുമാണുള്ളത്. കാര്‍ളൈല്‍ ഗ്രൂപ്പ് 10 ശതമാനവും എസ്ബിഐ 4 ശതമാനവും ഓഹരിയാണ് വില്‍ക്കാനായി ആലോചിക്കുന്നത്. 1998 ഒക്ടോബറിലാണ് എസ്ബിഐയും ജിഇ ക്യാപിറ്റലും ചേര്‍ന്ന് എസ്ബിഐ കാര്‍ഡ്സ് പുറത്തിറക്കിയത്. 2017 ഡിസംബറില്‍ എസ്ബിഐയും കാര്‍ളൈല്‍ ഗ്രൂപ്പും ജിഇ ക്യാപിറ്റലില്‍നിന്ന് ഓഹരികള്‍ സ്വന്തമാക്കി. കോള്‍ ഇന്ത്യ, റിലയന്‍സ് പവര്‍, ജിഐസി റീ, ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) എന്നിവയ്ക്ക് ശേഷം രാജ്യത്തെ അഞ്ചാമത്തെ വലിയ ഐപിഒ ആയി മാറാനൊരുങ്ങുകയാണ് ഈ ഓഹരി വില്‍പ്പന.

Related News