Loading ...

Home Europe

ഇംഗ്ലീഷ് സംസാരിക്കാത്തവര്‍ക്ക് രക്ഷയില്ല; പുതിയ ഇമിഗ്രേഷന്‍ നിയമം പാര്‍ലിമെന്റില്‍ അവതരിപ്പിച്ച്‌ കൊണ്ട് ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍

ലണ്ടന്‍: ബ്രെക്സിറ്റിന് ശേഷം യുകെയില്‍ നടപ്പിലാക്കുന്ന പുതിയ ഇമിഗ്രേഷന്‍ നിയമം പാര്‍ലിമെന്റില്‍ അവതരിപ്പിച്ച്‌ കൊണ്ട് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ രംഗത്തെത്തി. ഇത് പ്രകാരം യൂറോപ്പിന്റെ പുറത്ത് നിന്നും 10,000 താല്‍ക്കാലിക ജോലിക്കാരെയും നിയമിക്കുന്നതായിരിക്കും. ഇനി മുതല്‍ ഇംഗ്ലീഷ് സംസാരിക്കാത്തവര്‍ക്ക് പുതിയ കുടിയേറ്റ നിയമങ്ങള്‍ നിലവില്‍ വരുന്നതോടെ യുകെയില്‍ രക്ഷയുണ്ടാകില്ലെന്നുറപ്പാണ്. ബ്രെക്സിറ്റിന് ശേഷം നടപ്പിലാക്കുന്ന ഇമിഗ്രേഷന്‍ നിയമം അങ്ങേയറ്റം അയവുള്ളതായിരിക്കണമെന്ന യുകെയിലെ ബിസിനസുകളുടെ ആവശ്യത്തോട് പ്രീതി കടുത്ത നിലപാടാണ് പുലര്‍ത്തിയിരിക്കുന്നത്. പരിധിയില്ലാത്ത ഇളവുകള്‍ പുതിയ നിയമത്തില്‍ അനുവദിക്കില്ലെന്നാണ് പ്രീതി പട്ടേല്‍ തറപ്പിച്ച്‌ പറയുന്നത്. ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിവില്ലാത്ത കുടിയേറ്റക്കാരെ യുകെയിലേക്ക് കാലെടുത്ത് കുത്താന്‍ അനുവദിക്കില്ലെന്ന പ്രീതിയുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി ലേബര്‍ പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്.

ബ്രെക്സിറ്റിന് ശേഷം ഇത്തരത്തില്‍ യൂറോപ്യന്‍ കുടിയേററക്കാര്‍ക്കുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കുന്നതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് വേണ്ടത്ര ജീവനക്കാരെ ലഭിച്ചില്ലെങ്കില്‍ ഭക്ഷ്യവിലകള്‍ കുതിച്ച്‌ കയറുമെന്ന മുന്നറിയിപ്പ് ഫാമിങ് സ്ഥാപനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. വേണ്ടത്ര ജീവനക്കാരെ ലഭിക്കാതെ ബിസിനസ് താറുമാറാകുമെന്ന ആശങ്ക ഹോസ്പിറ്റാലിറ്റി മേഖലയും ഉയര്‍ത്തിയിട്ടുണ്ട്. ബ്രെക്സിറ്റിനെ തുടര്‍ന്ന് യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്കുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കുന്നതിനെ തുടര്‍ന്ന് തൊഴിലാളി ക്ഷാമം രൂക്ഷമാകുമെന്ന ആശങ്ക കനത്തിരിക്കുന്നതിനാല്‍ ആയിരക്കണക്കിന് സീസണല്‍ ജീവനക്കാരെ ഈ വര്‍ഷം യുകെയിലേക്ക് വരാന്‍ അനുവദിക്കാനുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുമെന്നാണ് സൂചന. എന്നാല്‍ ഇത്തരത്തില്‍ ഇളവുകള്‍ അനുവദിച്ച്‌ കൊണ്ട് കുടിയേറ്റക്കാരെ ഇവിടേക്ക് പ്രവേശിപ്പിക്കുന്നത് സ്ഥിരമാക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ലെന്നും പ്രീതി പട്ടേല്‍ ഇന്നലെ തറപ്പിച്ച്‌ പറഞ്ഞിട്ടുണ്ട്. ഇവിടുത്തെ കുടിയേറ്റ വ്യവസ്ഥ പരിഷ്‌കരിക്കുന്നത് തുടരുമെന്നും ആവശ്യമുള്ളിടത്ത് അയവ് നടപ്പിലാക്കുമെന്നുമാണ് കോമണ്‍സ് പ്രസ്താവനയിലൂടെ പ്രീതി പട്ടേല്‍ വിശദീകരിക്കുന്നത്. ചില പ്രത്യേക കഴിവുകളുള്ളവര്‍ക്ക് ഇവിടേക്ക് വരാന്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുമെന്നും അല്ലാത്തവര്‍ക്ക് അവരുടെ കഴിവുകളുടെ അടിസ്ഥാനത്തില്‍ പോയിന്റുകളേകുന്ന ഓസ്ട്രേലിയന്‍ ശൈലിയിലുള്ള പോയിന്റ് അധിഷ്ഠിത കുടിയേറ്റ സംവിധാനമായിരിക്കും ഇവിടെ നടപ്പിലാക്കുകയെന്നും പട്ടേല്‍ പറയുന്നു.ഫ്രീ മൂവ്മെന്റിന് അന്ത്യം കുറിക്കാന്‍ പോകുന്നുവെന്നും കുടിയേറ്റം കൃത്യനിഷ്ഠമാക്കുന്നതിന് മറ്റ് വഴികള്‍ സ്വീകരിക്കാന്‍ പോകുന്നുവെന്നുമാണ് പട്ടേല്‍ വിശദീകരിക്കുന്നത്. സീസണല്‍ വര്‍ക്കേര്‍സ് സ്‌കീം പ്രകാരമാണ് യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നും വര്‍ഷത്തില്‍ 10,000 താല്‍ക്കാലിക ജീവനക്കാരെ കൊണ്ട് വരാന്‍ ലക്ഷ്യമിടുന്നത്. ഈ വരുന്ന സീസണില്‍ ഇത് നടപ്പിലാക്കും. ഇതിനെ തുടര്‍ന്ന് കാര്‍ഷിക മേഖലയിലെ തൊഴിലാളി ക്ഷാമത്തിന് അറുതിയുണ്ടാകുമെന്നാണ് നാഷണല്‍ ഫാര്‍മേര്‍സ് യൂണിയന്‍ പ്രതീക്ഷിക്കുന്നത്. 2021ലേക്കായി ഇത്തരത്തിലുള്ള ഒരു ഫുള്‍ സ്‌കീം നടപ്പിലാക്കണമെന്നും ഈ യൂണിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഇതിനെ തുടര്‍ന്ന് ഗ്രോയര്‍മാര്‍ക്ക് ബ്രിട്ടീഷ് ഫ്രൂട്ട്, വെജിറ്റബിള്‍, ഫ്ലവര്‍ ഫാമുകളിലേക്ക് 70,000 സീസണല്‍ വര്‍ക്കര്‍മാരെ റിക്രൂട്ട് ചെയ്യാനാവുമെന്നും ഈ യൂണിയന്‍ ഓര്‍മിപ്പിക്കുന്നു. ഇത്തരം സ്‌കീമുകളിലൂടെ ഇന്ത്യയില്‍ നിന്നടക്കമുള്ള നിരവധി നോണ്‍ യൂറോപ്യന്മാര്‍ക്ക് യുകെയിലേക്ക് കുടിയേറുന്നതിന് അവസരം ലഭിക്കും.

Related News