Loading ...

Home National

ഡല്‍ഹിയില്‍ സംഘര്‍ഷം പടരുന്നു; ഒരുമാസം നിരോധനാജ്ഞ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തിനിടെ രണ്ടുപേര്‍ക്കുകൂടി വെടിയേറ്റു. സംഭവത്തില്‍ പരിക്കേറ്റവരെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മൂന്നുദിവസമായി തുടരുന്ന കലാപത്തില്‍ ഏഴുപേരാണ് ഇതുവരെ മരിച്ചത്. 160 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


അതിനിടെ സംഘര്‍ഷം അടിച്ചമര്‍ത്തുന്നതിനായി 35 കമ്പനി കേന്ദ്രസേനയെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. നിലവില്‍ രണ്ട് കമ്പനി ദ്രുതകര്‍മ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്‌. അതേസമയം മുസ്തഫാബാദില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ വീടുകള്‍ക്കും കടകള്‍ക്കും അക്രമികള്‍ തീയിടുകയും വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗോകുല്‍പുരിക്കടുത്ത് നീത്‌നഗറില്‍ അക്രമികള്‍ വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. കലാപം കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുന്നുവെന്നാണ് വിവരങ്ങള്‍. കര്‍വാള്‍ നഗര്‍, വിജയ് പാര്‍ക്ക്, യമുനാ നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഘര്‍ഷം പടരുന്ന പശ്ചാത്തലത്തില്‍ വടക്ക് കിഴക്കന്‍ ഡഹിയില്‍ ഒരുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാര്‍ച്ച്‌ 24 വരെയാണ് നിരോധനാജ്ഞ. അക്രമം നടന്ന സ്ഥലങ്ങളില്‍ വ്യാപകമായി വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.


Related News