Loading ...

Home Europe

ബ്രിട്ടന്റെ പുതിയ കുടിയേറ്റ നയം യൂറോപ്പിലുള്ള ബ്രിട്ടീഷുകാര്‍ക്ക് ആശങ്ക

ലണ്ടന്‍: ബ്രെക്‌സിറ്റ് അനന്തര കുടിയേറ്റ നയത്തിന്റെ കരട് ബ്രിട്ടന്‍ പുറത്തുവിട്ടതോടെ ആശങ്കയിലായിരിക്കുന്നത് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസിക്കുന്ന ബ്രിട്ടീഷുകാര്‍. യൂറോപ്യന്‍ കുടിയേറ്റം ബ്രിട്ടന്‍ നിര്‍ത്തലാക്കുന്നതോടെ ബ്രിട്ടീഷുകാര്‍ക്കു മുന്നില്‍ യൂറോപ്യന്‍ യൂണിയന്റെ വാതിലുകളും അടയുമെന്നതാണ് ഇതിനു കാരണം.

ഇതര രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കു തുല്യമായ പരിഗണന മാത്രമാണ് പുതിയ നയത്തില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്കും നല്‍കുന്നത്. ആ സ്ഥിതിക്ക് ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് തിരിച്ചും യൂറോപ്യന്‍ യൂണിയനില്‍നിന്ന് യാതൊരു വിധത്തിലുള്ള ആനുകൂല്യങ്ങളും പ്രതീക്ഷിക്കാന്‍ കഴിയില്ല. യൂറോപ്യന്‍ യൂണിയനിലെ സ്വതന്ത്ര സഞ്ചാര സ്വാതന്ത്ര്യം ബ്രിട്ടീഷുകാര്‍ക്ക് പൂര്‍ണമായി നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്. നിലവില്‍ യൂറോപ്യന്‍ യൂണിയനില്‍ താമസിക്കുന്ന ബ്രിട്ടീഷുകാര്‍ക്കും 2020 ഡിസംബര്‍ 31ന് അവസാനിക്കുന്ന ട്രാന്‍സിഷന്‍ സമയത്തിനുള്ളില്‍ കുടിയേറുന്നവര്‍ക്കും മാത്രമാണ് തത്കാലത്തേക്കെങ്കിലും ആനുകൂല്യം ലഭിക്കുക. അടുത്ത വര്‍ഷം ബ്രിട്ടന്റെ പുതിയ കുടിയേറ്റ നയം നടപ്പാക്കുന്നതോടെ സാഹചര്യങ്ങള്‍ മാറും.

യൂറോപ്പിനു പുറത്തുള്ളവരെ പോലെ വിസയെടുക്കാതെ ബ്രിട്ടീഷുകാര്‍ക്കും യൂറോപ്യന്‍ യൂണിയനുള്ളില്‍ സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് വരാനിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമുള്ള ഏതെങ്കിലും രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുകയാണ് സ്വതന്ത്ര സഞ്ചാരം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ മുന്നില്‍ പിന്നീട് ശേഷിക്കുന്ന മാര്‍ഗം.

Related News