Loading ...

Home Education

ആയുഷ് കോഴ്‌സുകള്‍ക്കും 'നീറ്റ്' നിര്‍ബന്ധം -സുപ്രീംകോടതി

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് മിനിമം നിലവാരം നിശ്ചയിച്ചില്ലെങ്കില്‍ 'മുറിവൈദ്യന്മാ'രായ ഡോക്ടര്‍മാരുണ്ടാകുമെന്ന് സുപ്രീംകോടതി. ആയുര്‍വേദ, യുനാനി, ഹോമിയോ (ആയുഷ്) ബിരുദകോഴ്‌സുകള്‍ക്കും നീറ്റ് (ദേശീയ യോഗ്യതാ പൊതുപരീക്ഷ) നിര്‍ബന്ധമാണെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. യോഗ്യതയുള്ളവരെ ആയുഷ് കോഴ്‌സുകള്‍ക്ക് ലഭിക്കുന്നില്ലെന്നത് അടിസ്ഥാന നിലവാരം കുറയ്ക്കാന്‍ കാരണമല്ലെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ 2019-20 അക്കാദമിക വര്‍ഷത്തേക്ക് ആയുഷ് ബിരുദ കോഴ്‌സുകള്‍ക്ക് ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കു പഠനം തുടരാം. ബിരുദ കോഴ്‌സുകള്‍ക്ക് കഴിഞ്ഞ ഒക്ടോബര്‍ 15-നും പി.ജി. കോഴ്‌സുകള്‍ക്ക് ഒക്ടോബര്‍ 31-നും മുന്‍പായി പ്രവേശനം നേടിയവര്‍ക്കാണ് പഠനം തുടരാനാവുക. ഇത് ഒറ്റത്തവണത്തേക്കു മാത്രമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2019-'20 അക്കാദമികവര്‍ഷം മുതലുള്ള ബിരുദകോഴ്‌സുകള്‍ക്ക് നീറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിനും സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതിയും ഇറക്കിയ വിജ്ഞാപനങ്ങള്‍ക്കെതിരേ കോളേജുകള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ആയുഷ് പി.ജി. പ്രവേശനപരീക്ഷ (എ.ഐ.എ.-ബി.ജി.ഇ.ടി.) സംബന്ധിച്ചും മിനിമം യോഗ്യതാമാര്‍ക്ക് സംബന്ധിച്ചും ഇറക്കിയ വിജ്ഞാപനവും കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടു. നീറ്റിന് 50 ശതമാനം മാര്‍ക്കാണ് ബിരുദകോഴ്‌സുകള്‍ക്ക് മിനിമം യോഗ്യത നിശ്ചയിച്ചത്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 40 ശതമാനവും. നീറ്റ് പരീക്ഷ എം.ബി.ബി.എസിനും ബി.ഡി.എസിനും മാത്രമാണു ബാധകമെന്ന് വിജ്ഞാപനങ്ങളെ എതിര്‍ത്ത വിവിധ കോളേജുകള്‍ വാദിച്ചു. 2018-ലെ വിജ്ഞാപനം ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നിയമത്തിനു വിരുദ്ധമാണെന്നും അവര്‍ വാദിച്ചു. മിനിമം യോഗ്യതാമാര്‍ക്ക് ഇല്ലാതെതന്നെ ബി.എ.എം.എസ്., ബി.എച്ച്‌.എം.എസ്., ബി.യു.എം.എസ്. കോഴ്‌സുകള്‍ക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ പഞ്ചാബ്-ഹരിയാണ ഹൈക്കോടതി കഴിഞ്ഞ സെപ്റ്റംബര്‍ ആറിന് ഇടക്കാല ഉത്തരവിറക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ചില കോളേജുകളില്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടുകയും ചെയ്തു. അങ്ങനെ പ്രവേശനം നേടിയവര്‍ക്കാണ് തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.

Related News